ശ്രീകാകുളം: വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള മൂന്ന് സ്‌ത്രീകളെ കൊലപ്പെടുത്തിയ കേസില്‍ ഒരാളെ ആന്ധ്രപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്‌തു. 55 കാരനായ സാവര രമേശയാണ് പിടിയിലായത്.
ആന്ധ്രപ്രദേശ്, തെലങ്കാന, ഒഡീഷ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള സ്‌ത്രീകളെയാണ് പ്രതി കൊലപ്പെടുത്തിയത്. ഈ സ്‌ത്രീകളുമായി ഇയാൾക്ക് അവിഹിത ബന്ധമുണ്ടായിരുന്നുവെന്നും, പിന്നീട് ഇവർ പണം നല്‍കാത്തതിനാലോ ബന്ധം ഉപേക്ഷിച്ചതിനാലോ ആവാം കൊലപ്പെടുത്തിയത് എന്നും ശ്രീകാകുളം എസ്‌പി ആർഎൻ അമ്മി റെഡ്ഢി പറഞ്ഞു.
ഡിസംബർ 2019ല്‍ ആന്ധ്രപ്രദേശിലെ മെലിയപുട്ടിക്ക് സമീപമുള്ള കനാലില്‍ നിന്ന് മധ്യവയ്‌സകയായ സ്‌ത്രീയുടെ മൃതദേഹം കണ്ടെടുത്തതോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തില്‍ പ്രതിയായ സാവര രമേശയെ പിടികൂടുകയായിരുന്നു. പിന്നീട് ഇയാളെ ചോദ്യം ചെയ്‌തതില്‍ നിന്നാണ് മറ്റ് രണ്ട് കൊലപാതകങ്ങളും പുറത്തുവന്നത്. ഒഡീഷയിലെ ഭീംപൂരിലും തെലങ്കാനയിലെ ഭദ്രാദ്രി കൊത്തഗുഡെം ജില്ലയിലുമാണ് ഇയാൾ ആ കൊലപാതകങ്ങൾ നടത്തിയത്.