ജയ്പൂർ : മരണപ്പെട്ട രോഗിയുടെ മൃതദേഹം വാർഡിൽ നിന്ന് മാറ്റാതെ മണിക്കൂറുകളോളം കിടത്തി മുറിയിലുണ്ടായിരുന്ന മറ്റുരോഗികളെ ചികിൽസിച്ചതായി പരാതി. രാജസ്ഥാനിലെ ബാർമറിലെ ഒരു സർക്കാർ ആശുപത്രിയിലാണ് സംഭവം.
വിവരങ്ങളനുസരിച്ച് കഴിഞ്ഞ ദിവസം ആരോഗ്യനില വഷളായതിനെത്തുടർന്ന് രാജേഷ് കുമാർ (24) എന്ന ആളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് ചികിൽസ നടത്തിയെങ്കിലും ഇയാൾ മരിച്ചു. എന്നാൽ മരണം ഉറപ്പായാതിന് ശേഷവും ഇയാളുടെ മൃതദേഹം മണിക്കൂറുകളോളം ഒരു തുണികൊണ്ട് മൂടി കിടന്നിരുന്ന കട്ടിലിൽ തന്നെ സൂക്ഷിച്ചു. മണിക്കൂറുകൾ കഴിഞ്ഞിട്ടും ആരും തുടർ നടപടികൾ സ്വീകരിച്ചില്ല.
കൂടാതെ മൃതദേഹത്തിനരികിൽ രാജേഷ് മരണപ്പെട്ടതറിയാതെ മരിച്ചയാളുടെ സഹോദരൻ ഇയാളുടെ കൈകളിൽ പറ്റി പിടിച്ച് ഇരുക്കുന്നത് ഏവരുടെയും മനസ് അലിയിപ്പിക്കുന്ന കാഴ്ചയായി.
അതേസമയം മൃതദേഹം പുറത്തെടുക്കാൻ വാഹനം ലഭിക്കുന്നതിലെ കാലതാമസത്തെത്തുടർന്ന് 15-20 മിനുട്ട് മാത്രമെ വാർഡിൽ കിടത്തിയിരുന്നുള്ളു എന്ന് ബാർമർ പ്രിൻസിപ്പൽ മെഡിക്കൽ ഓഫീസർ (പിഎംഒ) ബി എൽ മൻസൂരിയ പ്രതികരിച്ചു. കൂടൂതെ മരണപ്പെട്ട രോഗിയെ മരിച്ചതിന് ശേഷമാണ് ആശുപത്രിയിൽ കൊണ്ട് വന്നതെന്നും മൻസൂരിയ ആരോപിച്ചു.