ന്യൂഡൽഹി: ഐഎൻഎക്സ് മീഡിയ കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട മുൻ കേന്ദ്ര മന്ത്രി പി.ചിദംബരത്തിന്‍റെ കസ്റ്റഡി കാലാവധി നവംബർ 27വരെ നീട്ടിയ സാഹചര്യത്തിൽ അദ്ദേഹത്തിന്‍റെ ആരോഗ്യ നിലയിൽ അതൃപ്തി അറിയിച്ച് കുടുംബം. ദഹന സംബന്ധമായ അസുഖത്തെത്തുടർന്ന് ആരോഗ്യനില മോശമാവുകയാണെന്നും, അദ്ദേഹത്തിന് ജയിലിൽ നൽകുന്ന ചികിത്സ ത്യപ്തികരമല്ലെന്നും കുടുംബം പറഞ്ഞു. അദ്ദേഹത്തിന്‍റെ ശരീരഭാരം ഒൻപത് കിലോയോളം കുറഞ്ഞെന്നും കുടുംബം ആശങ്ക അറിയിച്ചു. വിദഗ്ധ ചികിത്സക്കായി അദ്ദേഹത്തെ ഹൈദരാബാദിലെ ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് ഡോ. നാഗേശ്വര റെഡ്ഡിയുടെ കീഴിൽ പ്രവേശിപ്പിക്കണെമെന്നാണ് കുടുംബത്തിന്‍റെ ആവശ്യം.
ഐ.എൻ.എക്സ് മീഡിയ അഴിമതിയുമായി ബന്ധപ്പെട്ട് സി.ബി.ഐ രജിസ്റ്റർ ചെയ്ത കേസിൽ ഒക്ടോബർ 22ന് സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നെങ്കിലും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ചിദംബരം കസ്റ്റഡിയില്‍ തുടരുന്നത്. നവംബർ ഒന്നിന് ചിദംബരം സമർപ്പിച്ച ഇടക്കാല ജാമ്യഹർജി ഹൈക്കോടതി തള്ളിയിരുന്നു. അസുഖം മൂലം ബുദ്ധിമുട്ടുകയാണെന്ന് കാണിച്ചതിനെ തുടർന്ന് മിനറൽ വാട്ടർ, ശുചിത്വമുള്ള പരിസരം, വീട്ടിൽനിന്നുള്ള ഭക്ഷണം, കൊതുകുവല എന്നിവ അനുവദിക്കാൻ കോടതി നിർദേശിച്ചിരുന്നു.