മുംബൈ: മഹാരാഷ്‌ട്രയില്‍ റെയില്‍വേ ട്രാക്കില്‍ ഉറങ്ങിക്കിടന്നവർക്കിടയിലേക്ക് ചരക്ക് ട്രെയിൻ കയറി 16 പേര്‍ മരിച്ച സംഭവത്തില്‍ ഗുഡ്‌സ് ട്രൈയിന്‍ വരുന്നത് കണ്ട് അലാറം മുഴക്കിയെങ്കിലും അത് കേള്‍ക്കാതെ പോയെന്ന് പൊലീസ് സൂപ്രണ്ട് മോക്ഷം ഷാ പാട്ടീല്‍ പറഞ്ഞു. കർമ്മദ് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുമെന്നും പാട്ടീല്‍. ഔറംഗബാദിലെ ജല്‍നയിലുള്ള സ്റ്റീല്‍ നിര്‍മ്മാണ കമ്പനിയിലെ തൊഴിലാളികളാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. രക്ഷപ്പെട്ടവര്‍ ഇന്ദർലാൽ ദുർവേ (20, ജില്ലാ മണ്ടല), വീരേന്ദ്രസിങ് ഗൗര്‍ (27, ജില്ലാ ഉമരിയ), ശിവ്മാൻ സിംഗ് ഗൗർ (27, ജില്ലാ ഷഹ്‌ഡോള്‍), പരിക്കേറ്റ സഞ്ജൻ സിംഗ് (ഖജേരി ജില്ല) എന്നിവരാണ്.
ശിവസേന നേതാവും സംസ്ഥാന മന്ത്രിയുമായ സന്ദീപൻ ഭൂമ്രെ, നിയമസഭാംഗം അംബദാസ് ഡാൻവെ എന്നിവർ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പരിക്കേറ്റവരെ സന്ദർശിച്ചു. കുടിയേറ്റ തൊഴിലാളികളെ സ്വന്തം സംസ്ഥാനങ്ങളിലേക്ക് അയയ്ക്കാൻ സംസ്ഥാന സർക്കാർ ശ്രമം നടത്തുന്നുണ്ടെന്നും ജനങ്ങൾ ക്ഷമ കാണിക്കണമെന്നും ഡാൻവെ പറഞ്ഞു. മരിച്ചവരിൽ ധൻസിംഗ് ഗോണ്ട്, നിർലേഷ് സിംഗ് ഗോണ്ട്, ബുദ്ധരാജ് സിംഗ് ഗോണ്ട്, രബേന്ദ്ര സിംഗ് ഗോണ്ട്, രാജ്ബോറം പരസ് സിംഗ്, ധർമേന്ദ്ര സിംഗ് ഗോണ്ട്, ശ്രീദയാൽ സിംഗ് സുരേഷ് സിംഗ് കൗൾ, സന്തോഷ് നാപിത്, ബ്രിജേഷ് ഭയാദിൻ (എല്ലാവരും ഷാഡോൾ ജില്ലയിൽ നിന്നുള്ളവർ), ബിഗെന്ദ്ര സിംഗ് നെംഷാ സിംഗ് മുനിം സിംഗ് ( ഉമരിയ ജില്ല) എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. രണ്ടു പേരെ തിരിച്ചറിഞ്ഞിട്ടില്ല.