ചിക്കോഡി: ലോക്ക് ഡൗണ്‍ മൂലം തക്കാളി കർഷകർ ദുരിതത്തില്‍. ലോക്ക് ഡൗണ്‍ കാരണം വ്യാപാരികൾ തക്കാളി വാങ്ങാന്‍ തയ്യാറാകുന്നില്ല. കർണാടകയിലെ ബല്‍ഗാവ് ജില്ലയില്‍ നിന്നുള്ള കർഷകന്‍ തക്കാളി കനാലില്‍ ഒഴുക്കി പ്രതിഷേധിച്ചു. വിപണിയില്‍ തക്കാളിക്ക് മാന്യമായ വില ലഭിക്കാത്തതില്‍ മനം നൊന്താണ് കർഷകന്‍ തക്കാളി ഒഴുക്കി കളഞ്ഞത്.
ചിക്കോഡി താലൂക്കില്‍ നിന്നുള്ള അമിത് കോലിയെന്ന കർഷകനാണ് ഈ ദുരനുഭവം ഉണ്ടായത്. നാല് ഏക്കറിലെ കൃഷിയില്‍ നിന്നും 140 ടണ്‍ തക്കാളിയാണ് ഇയാൾക്ക് ലഭിച്ചത്. മുമ്പ് വിപണിയില്‍ ഇതിന് എട്ട് ലക്ഷത്തോളം രൂപ വില ലഭിക്കുമായിരുന്നു. ലോക്ക് ഡൗണിന് മുമ്പ് കിലോക്ക് 20 രൂപ കർഷകന് ലഭിച്ചിരുന്നു. എന്നാല്‍ ഇന്ന് കിലോക്ക് രണ്ട് രൂപക്ക് പോലും തക്കാളി എടുക്കാന്‍ ആളില്ലാത്ത അവസ്ഥയാണ്. അധികൃതർ സമാശ്വാസ നടപടി സ്വീകരിക്കണമെന്നാണ് കർഷകരുടെ ആവശ്യം.