പനാജി: തടവ് ചാടിയ പ്രതിക്കായി വൻ തെരച്ചിൽ ആരംഭിച്ച് നോർത്ത് ഗോവയിലെ കോൾവാലെ സെൻട്രൽ ജയിൽ അധികൃതർ. 2018 ൽ കാനകോണയിലെ ബീച്ച് ഗ്രാമത്തിൽ വെച്ച് 48 വയസുള്ള ബ്രിട്ടീഷ് പൗരനെ ബലാത്സംഗം ചെയ്ത കേസിൽ അറസ്റ്റിലായ 31 കാരനാണ് തടവ് ചാടിയത്.
തടവ് ചാടിയ തമിഴ്നാട് സ്വദേശിയായ രാംചന്ദ്ര യെല്ലപ്പയ്ക്കായി തെരച്ചിൽ ആരംഭിച്ചതായും പ്രതി ഇപ്പോഴും ജയിൽ സമുച്ചയത്തിൽ തന്നെയാണ് ഉള്ളതെന്നും പ്രതി പുറത്ത് കടന്നിട്ടില്ലെന്നാണ് വിശ്വാസമെന്നും കോൾവാലെ ജയിൽ കേന്ദ്രത്തിന്‍റെ വക്താവ് പറഞ്ഞു. 2019ല്‍ വിചാരണക്കായി കോടതിയിലേക്ക് കൊണ്ടുപോയപ്പോഴും പ്രതി രക്ഷപ്പെടാൻ ശ്രമിച്ചിരുന്നതായി അധികൃതർ പറഞ്ഞു. കഴിഞ്ഞ മാസം ഹേംരാജ് ഭരദ്വാജ് എന്ന പ്രതി ഇതേ ജയിലിൽ നിന്ന് രക്ഷപ്പെട്ടിരുന്നു. ഇയാളെ ഇതുവരെ കണ്ടെത്താനായിട്ടില്ല.