ചെന്നൈ: വീട്ടിൽ നിരീക്ഷണത്തിലിരിക്കുന്നവർ നിർദേശങ്ങൾ ലംഘിച്ചാൽ കർശന നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ് നൽകി തമിഴ്‌നാട് സർക്കാർ. നിരീക്ഷണ കാലാവധി പൂർത്തിയാകാതെ പുറത്തേക്കിറങ്ങുന്നവരുടെ പാസ്‌പോർട്ട് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ കൈക്കൊള്ളുമെന്നും അധികൃതർ അറിയിച്ചു.
അനവധിയാളുകളാണ് നിർദേശങ്ങൾ പാലിക്കാതെ പുറത്തിറങ്ങുന്നത്. ഇവരുടെ വിശദാംശങ്ങൾ അതാത് ജില്ലാ കലക്‌ടർമാർക്കും എസ്‌പിമാർക്കും കൈമാറിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി സി. വിജയ ഭാസ്‌കർ അറിയിച്ചു. വീടുകളിൽ ഹോം ക്വാറന്‍റൈൻ സ്റ്റിക്കർ പതിക്കുകയും ഹോം ഗാർഡുകളെ നിയമിക്കുകയും ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്ത് 18 കൊവിഡ് കേസുകളാണ് ഇതുവരെ സ്ഥിരീകരിച്ചത്. രോഗബാധിതരെ ചികിത്സിക്കുന്നതിനുള്ള എല്ലാ ആരോഗ്യ സംവിധാനങ്ങളും എത്തിക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പുനൽകിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.