കൊൽക്കത്ത: ടാഗോർ ചിത്രത്തിന് മുന്നിൽ അമിത് ഷായുടെ ഫ്ലെക്‌സ് ബോർഡ് സ്ഥാപിച്ചതിൽ ബംഗാളിൽ വ്യാപക പ്രതിഷേധം. തൃണമൂൽ കോൺഗ്രസ് നേതാക്കളും വിദ്യാർഥി വിഭാഗങ്ങളും ഉൾപ്പെടെ രബീന്ദനാഥ് ടാഗോറിൻ്റെ ജന്മസ്ഥലമായ ജോരാസാങ്കോക്ക് പുറത്ത് കുത്തിയിരിപ്പ് സമരം നടത്തി.
ടി.എം.സി എം.പി സുദീപ് ബന്ദോപാധ്യായ ഗാനങ്ങൾ ആലപിച്ചും പ്രതിഷേധം അറിയിച്ചു. ശാന്തിനിക്കേതനിലും ഭോൽപൂരിലും ബി.ജെ.പി ഇത്തരം ഫ്ലെക്‌സ് ബോർഡുകൾ സ്ഥാപിക്കുന്നത് ജനങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തുന്നുവെന്നും ടാഗോറിനെ ബി.ജെ.പി അപമാനിച്ചുവെന്നും ടി.എം.സി നേതാവും മന്ത്രിയുമായ ശശി പഞ്ജ പറഞ്ഞു.
അതേസമയം ഇത്തരം പ്രവണതകളിൽ ബി.ജെ.പിക്ക് പങ്കില്ലെന്ന് പ്രതാപ് ബാനർജി പ്രതികരിച്ചു. പ്രശ്‌നം ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ട ഉടൻതന്നെ ബോർഡുകൾ നീക്കംചെയ്യാൻ മുൻകൈയെടുത്തുവെന്നും വീണ്ടും ബോർഡുകൾ സ്ഥാപിച്ചത് ബി.ജെ.പിയെ മനഃപൂർവം അപമാനിക്കാനാണെന്നും അദ്ദേഹം പറഞ്ഞു. ബംഗാളിൻ്റെ സാംസ്‌കാരിക പ്രതിരൂപങ്ങളോട് ബി.ജെ.പിക്ക് വലിയ ബഹുമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.