ന്യൂഡൽഹി: തിഹാർ ജയിലിൽ കുറ്റവാളികൾക്ക് ഉദ്യോഗസ്ഥർ മൊബൈൽ ഫോൺ കൈമാറുന്നുവെന്ന് ആരോപണം. തീഹാർ ജയിൽ ഉദ്യോഗസ്ഥൻ പ്രവീൺ തടവുകാർക്ക് മൊബൈൽ ഫോണുകൾ നൽകുന്നുവെന്ന ആരോപണവുമായി വിചാരണ തടവുകാരൻ ശശാങ്കാണ് രംഗത്തെത്തിയത്. ജയിൽ അധികൃതർ കുറ്റവാളികൾക്ക് മൊബൈൽ ഫോണുകൾ കൈമാറുന്ന വീഡിയോ ദ്യശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്. ഈ വിവരം വെളിപ്പെടുത്തുന്നതിലൂടെ തനിക്ക് മരണം പോലും സംഭവിക്കാമെന്ന് ശശാങ്ക് വീഡിയോയിൽ പറയുന്നു.
തിഹാർ ജയിലിൽ കഴിയുന്ന കുറ്റവാളികൾക്ക് അധികൃതർ പല സൗകര്യങ്ങൾ ഒരുക്കുന്നുണ്ടെന്നും ഇതിനായി അവർ വലിയ തുക ഈടാക്കുന്നുണ്ടെന്നും ശശാങ്ക് വീഡിയോയിൽ പറഞ്ഞു. അതേസമയം ശശാങ്കിനെതിരെ തിഹാർ ജയിൽ അധികൃതർ രംഗത്തെത്തി. ഇയാൾ കൊടും കുറ്റവാളി ആണെന്നും മോഷണക്കുറ്റം അടക്കമുള്ള പല കേസുകളിൽ പ്രതിയാണ് ഇയാളെന്നും അധികൃതർ വ്യക്തമാക്കി. ഇത്തരം സംഭവങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും അധികൃതർ പറഞ്ഞു.