മുംബൈ: തഡോബ അന്ധാരി റിസർവ് വനത്തിൽ നിന്ന് പിടികൂടിയ കടുവ ചത്തു. പോസ്റ്റ്‌മോർട്ടത്തിൽ കടുവയുടെ മരണം സെപ്റ്റിസീമിയ (ഗുരുതരമായ രക്തപ്രവാഹ അണുബാധ) കാരണമാണെന്ന് നാഗ്പൂർ ഗോരേവാഡ പ്രോജക്ട് ഡിവിഷണൽ മാനേജർ പറഞ്ഞു.
തഡോബ അന്ധാരി റിസർവ് വനത്തിൽ വച്ച് അഞ്ച് പേരെ ഈ കടുവ കൊന്നിരുന്നു. ഇതേതുടർന്ന് വനംവകുപ്പ് കടുവയെ പിടികൂടുകയായിരുന്നു. കഴിഞ്ഞ ജൂൺ 10 ന് കടുവയെ വനംവകുപ്പ് പിടികൂടി. നാഗ്പൂരിലെ ഗോരേവാഡ റെസ്ക്യൂ സെന്‍ററിലേക്ക് മാറ്റിയ കടുവയുടെ ആരോഗ്യസ്ഥിതി മോശമായിരുന്നുവെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
നാഗ്പൂർ വെറ്ററിനറി കോളേജ് (എൻവിസി), നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റി (എൻടിസിഎ), ഗോരേവാഡ റെസ്ക്യൂ സെന്‍റർ എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ധരും മൃഗ ഡോക്ടറും ഉൾപ്പെടെയുള്ള സംഘം പ്രാഥമിക വിശകലനത്തിന്‍റെ അടിസ്ഥാനത്തിൽ കടുവയുടെ അവയവങ്ങൾ പരിശോധനക്കയച്ചു.