പൽഘർ: പാൽഘറിൽ രണ്ട് സന്യാസിമാരുൾപ്പെടെ മൂന്ന് പേരെ ആൾക്കൂട്ടം ആക്രമിച്ച് കൊലപ്പെടുത്തിയ കേസിൽ 126 പ്രതികൾക്കെതിരെ മഹാരാഷ്ട്ര സിഐഡി ബുധനാഴ്ച കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. മുംബൈയോട് ചേർന്നുള്ള പൽഘറിലെ ദഹാനു താലൂക്കിലെ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ഫസ്റ്റ് ക്ലാസ് (ജെഎംഎഫ്സി) കോടതിയിൽ 4,955 പേജുള്ള കുറ്റപത്രം ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്‍റ് (സിഐഡി) സമർപ്പിച്ചതായി അന്വേഷണ ഏജൻസി അറിയിച്ചു. 808 പ്രതികളെയും 118 സാക്ഷികളെയും ചോദ്യം ചെയ്തതായി സിഐഡി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. 154 പേരെ അറസ്റ്റ് ചെയ്യുകയും 11 പേരെ ജുവനൈൽസ് നിയമ പ്രകാരം കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പ്രതികളെയൊന്നും ഇതുവരെ ജാമ്യത്തിൽ വിട്ടിട്ടില്ല.
കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് വിജയ് പവാറാണ് കുറ്റപത്രം സമർപ്പിച്ചത്. ഐപിസി വകുപ്പുകൾ കൂടാതെ, ദുരന്തനിവാരണ നിയമം, പകർച്ചവ്യാധി നിയമം (സംഭവസമയത്ത് ലോക്ക്ഡൗൺ പ്രാബല്യത്തിൽ വന്നതിനാൽ), മഹാരാഷ്ട്ര പൊലീസ് ആക്റ്റ്, മഹാരാഷ്ട്ര പൊലീസ് നാശനഷ്ടം (പ്രിവൻഷൻ) ആക്റ്റ്, എന്നിവ പ്രകാരവും കേസെടുത്തിട്ടുണ്ട്.
കൊലപാതകം, സായുധ കലാപം, ക്രിമിനൽ ബലപ്രയോഗം തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. കോടതി ഉദ്യോഗസ്ഥർ രേഖകൾ പരിശോധിക്കുന്നുണ്ടെന്ന് സിഐഡി ഉദ്യോഗസ്ഥർ പറഞ്ഞു. സൂക്ഷ്മപരിശോധന നടത്തിക്കഴിഞ്ഞാൽ പ്രതികൾക്കെതിരെ കോടതി വിധി പ്രഖ്യാപിക്കുമെന്ന് അധികൃതർ അറിയിച്ചു.