ചെന്നൈ: തമിഴ്‌നാട്ടിലെ കോയമ്പത്തൂരിൽ 11 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ മൂന്ന് ആൺകുട്ടികൾക്കെതിരെ കേസ്. അറസ്റ്റിലായ രണ്ടുപേരെ ജുവനൈൽ കോടതിയിൽ ഹാജരാക്കി. ഒരാൾ ഒളിവിലാണ്.
സുന്ദരപുരം സ്വദേശിനിയായ പെൺകുട്ടി അച്ഛനും അമ്മായിക്കുമൊപ്പം വാടക വീട്ടിലാണ് താമസം. ടിവി കാണുന്നതിന് താഴത്തെ നിലയിലുള്ള വീട്ടുടമസ്ഥന്‍റെ വീട്ടിൽ പെൺകുട്ടി പോകാറുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഉടമസ്ഥന്‍റെ വീട്ടിൽ രണ്ട് ആൺകുട്ടികൾ സ്മാർട്ട്‌ഫോണിൽ അശ്ലീല വീഡിയോകൾ കാണുന്നതായി പെൺകുട്ടി കണ്ടിരുന്നു. ഇരുവരും വീഡിയോ കാണാൻ പെൺകുട്ടിയെ നിർബന്ധിക്കുകയും ചെയ്തിരുന്നു. എന്നാൽ ഒഴിഞ്ഞു മാറിയ പെൺകുട്ടിയെ പിന്തുടർന്ന് വീട്ടിൽ അതിക്രമിച്ച് കയറി ഒന്നിലധികം തവണ ബലാത്സംഗം ചെയ്യുകയുമായിരുന്നു.
പിന്നീട് പെൺകുട്ടിക്ക് കടുത്ത വയറുവേദനയുണ്ടായതിനെ തുടർന്ന് സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെൺകുട്ടി ഡോക്ടർമാരോട് വെളിപ്പെടുത്തിയതിനെ തുടർന്നാണ് സംഭവം പുറത്തറിഞ്ഞത്. ഇതേത്തുടർന്ന് ഡോക്ടർമാർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
പോക്‌സോ നിയമപ്രകാരം പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഒളിവിൽ കഴിയുന്ന ആൺകുട്ടിക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചു. കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.