ശ്രീനഗർ: ബുഡ്‌ഗാം പൊലീസും സിആർപിഎഫും ചേർന്ന് നടത്തിയ നീക്കത്തില്‍ തീവ്രവാദികളുമായി ബന്ധമുള്ള മൂന്ന് പേര്‍ പിടിയിലായി. ചെവദാര ബീർവ നിവാസികളായ മുഹമ്മദ് യൂസഫ് ദാർ, ജൻബാസ് കശ്മീരി, അബ്ദുൽ മജീദ് മിർ എന്നിവരാണ് അറസ്റ്റിലായത്. നിരോധിത ഭീകര സംഘടനയായ തെഹ്രീക്ക് ഉൽ മുജാഹിദീനുവേണ്ടി പ്രവർത്തിക്കുകയായിരുന്നവരാണ് പിടിയിലായതെന്ന് പൊലീസ് അറിയിച്ചു.
പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഡിഡിസി അംഗങ്ങളെ ലക്ഷ്യമിടുന്നതിനും അടുത്തിടെ നടന്ന ഡിഡിസി തെരഞ്ഞെടുപ്പ് തടസപ്പെടുത്തുന്നതിനുമായി ഇവര്‍ ശ്രമിച്ചിരുന്നുവെന്നും, അതിന്‍റെ ഭാഗമായി ഇവര്‍ ബഡ്ഗാം, ശ്രീനഗർ ജില്ലകളിൽ സന്ദര്‍ശനം നടത്തിയിരുന്നുവെന്നും പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി.
പാകിസ്ഥാൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം നേടുന്നതിനാണ് ഇവര്‍ തീവ്രവാദികള്‍ക്ക് സഹായം നല്‍കിയത്. യുവാക്കളെ ഭീകര സംഘടനകളിലേക്ക് റിക്രൂട്ട് ചെയ്യുന്നതിനും ഇവര്‍ ശ്രമിച്ചിരുന്നു. പാകിസ്ഥാൻ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നിരവധി ഭീകരരുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്നും പൊലീസ് അറിയിച്ചു. ശ്രീനഗറിൽ നടന്ന നിരവധി ഗ്രനേഡ് ആക്രമണങ്ങളിലും ഇവർ പങ്കാളികളായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.
ഡിഡിസി അംഗങ്ങളെയും സുരക്ഷാ സേനയെയും രാഷ്ട്രീയ പ്രവർത്തകരെയും ലക്ഷ്യമിടുകയായിരുന്നു തങ്ങളുടെ ലക്ഷ്യമെന്ന് പിടിയിലായവര്‍ പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. സമീപകാലത്ത് രാഷ്ട്രീയ പ്രവർത്തകർക്ക് ഭീഷണി കത്തുകൾ നൽകുന്നതിലും ഈ സംഘം സജീവമായിരുന്നു. അതുമായി ബന്ധപ്പെട്ട തെളിവുകളും ഇവരുടെ പക്കല്‍ നിന്ന് പൊലീസിന് ലഭിച്ചിട്ടുണ്ട്. രണ്ട് ഹാൻഡ് ഗ്രനേഡുകൾ, 25 എകെ റൗണ്ടുകൾ, നാല് ഡിറ്റണേറ്ററുകൾ, പാകിസ്ഥാൻ സ്വദേശിയുമായി ബന്ധപ്പെടാൻ ഉപയോഗിച്ച മൊബൈൽ ഫോണുകൾ, ഭീഷണി പോസ്റ്ററുകൾ എന്നിവയും ഇവരുടെ പക്കല്‍ നിന്ന് കണ്ടെടുത്തു.