ന്യൂഡല്‍ഹി: സുഹൃത്തിനെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. ഉല്ലാസയാത്ര പോകുന്നതിനിടയിലാണ് സാഹിദാബാദ് സ്വദേശിയായ അര്‍ഷാദ് ഖാനെ സുഹൃത്തുകൾ ചേര്‍ന്ന് കൊലപ്പെടുത്തിയത്. അര്‍ഷാദ് ഖാന്‍റെ ഭാര്യ നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് അദ്ദേഹത്തിന്‍റെ സുഹൃത്തുക്കളായ ജുലേക്കര്‍, റിസ്വാന്‍, ലുക്‌മാന്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്‌തത്. ജനുവരി ഏഴിന് മൂന്ന് പേരും സാഹിദാബാദിലുളള തങ്ങളുടെ വീട്ടിലെത്തിയിരുന്നുവെന്നും തുടര്‍ന്നാണ് അര്‍ഷാദ് അവരോടൊപ്പം യാത്ര പോയതെന്നും ഭാര്യ മൊഴി നല്‍കി.
യാത്രക്കിടയില്‍ മദ്യപിക്കാന്‍ സുഹൃത്തുകൾ നിര്‍ബന്ധിച്ചതായും അല്ലെങ്കില്‍ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും സുഹൃത്തായ ഷാറൂഖ് ഖാനോട് അര്‍ഷാദ് ഫോണില്‍ പറഞ്ഞതായി ഭാര്യ വ്യക്തമാക്കി. തുടര്‍ന്ന് ഷാറൂഖ് അര്‍ഷാദിന്‍റെ സഹോദരനെ വിവരമറിയിക്കുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്‌തു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ആളൊഴിഞ്ഞ പ്രദേശത്ത് നിന്നും അര്‍ഷാദിന്‍റെ മൃതദേഹവും യാത്രപോയ വാഹനവും കണ്ടെടുക്കുകയായിരുന്നു.