പനാജി: ഗോവയിൽ കൊവിഡ് 19 ബാധ സ്ഥിരീകരിച്ച മൂന്ന് പേരുടെയും ആരോഗ്യനില തൃപ്തികരം. സ്‌പെയിൻ, ഓസ്‌ട്രേലിയ, യുഎസ്എ എന്നിവിടങ്ങളിൽ നിന്നെത്തിയ 25, 29, 55 വയസുള്ള പുരുഷന്മാരിലാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇവർ ഗോവ സർക്കാർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. അവരുടെ കോൺടാക്റ്റുകൾ കണ്ടെത്തി രോഗ വിവരം അറിയിക്കുമെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു.
കേന്ദ്ര സർക്കാർ നിർദേശ പ്രകാരം എല്ലാ മുൻകരുതലുകളും മാർഗ്ഗനിർദ്ദേശങ്ങളും പാലിക്കുന്നുണ്ടെന്ന് സംസ്ഥാന ആരോഗ്യമന്ത്രി വിശ്വജിത് റാണെ പറഞ്ഞു. എല്ലാവരും വീടിനുള്ളിൽ തന്നെ തുടരാനും കൂടുതൽ ജാഗ്രത പുലർത്താനും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാനും കേന്ദ്ര ആയുഷ് മന്ത്രി ശ്രീപാദ് നായിക് ആവശ്യപ്പെട്ടു. അദ്ദേഹം കുടുംബത്തോടൊപ്പം പനാജിക്കടുത്തുള്ള റിബന്ദർ വില്ലേജിലെ സ്വകാര്യ വസതിയിലാണ്.