ന്യൂഡൽഹി: ലോക്ക് ഡൗണിന്‍റെ ആദ്യ ഘട്ടത്തിൽ ബുക്ക് ചെയ്ത വിമാന ടിക്കറ്റുകളുടെ തുക ഉപഭോക്താക്കൾ ആവശ്യപ്പെട്ടാൽ തിരികെ നൽകണമെന്ന് വ്യോമയാന മന്ത്രാലയം. മെയ് മൂന്ന് വരെയുള്ള കാലത്തേക്ക് ബുക്ക് ചെയ്ത ടിക്കറ്റുകളുടെ തുകയാണ് തിരികെ നല്‍കേണ്ടത്.
രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പുവരെ നിരവധി പേർ വിമാനടിക്കറ്റുകൾ ബുക്ക് ചെയ്തിരുന്നു. യാത്ര മുടങ്ങിയതോടെ നിരവധി ഉപഭോക്താക്കൾ വിമാന കമ്പനികളോട് ടിക്കറ്റ് തുക മടക്കി ആവശ്യപ്പെട്ടു. എന്നാൽ ചില കമ്പനികൾ തുക തിരികെ നൽകാൻ മടി കാണിച്ചതോടെയാണ് വ്യോമയാന മന്ത്രാലയത്തിന്‍റെ നിർദേശം. മിക്ക കമ്പനികളും ടിക്കറ്റ് തുക മടക്കി നൽകാതെ ലോക്ക് ഡൗണിന് ശേഷമുള്ള യാത്രകളായിരുന്നു ഉപഭോക്താക്കൾക്ക് വാഗ്ദാനം നൽകിയിരുന്നത്.