ചെന്നൈ: തൂത്തുക്കുടി കസ്‌റ്റഡി മരണത്തില്‍ സിബിഐ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കസ്‌റ്റഡിയിലെടുത്ത അച്ഛനെയും മകനെയും പൊലീസ് ഒരു രാത്രി മുഴുവൻ ക്രൂരമായി മര്‍ദിച്ചെന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുരൈ ബെഞ്ചിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. കേസുമായി ബന്ധപ്പെട്ട് പത്ത് പേരാണ് ഇതുവരെ അറസ്‌റ്റിലായിട്ടുള്ളത്. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് അന്വേഷണ സംഘത്തിലെ ഇന്‍സ്‌പെക്‌ടര്‍ ബാല്‍തുറൈ മരിച്ചതും രണ്ട് സിബിഐ ഉദ്യോഗസ്ഥര്‍ക്കും, പൊലീസുകാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചതും അന്വേഷണത്തെ ബാധിച്ചിട്ടുണ്ടെന്ന് സിബിഐ കോടതിയെ അറിയിച്ചു.
ഒമ്പത് പൊലീസുകാരെ പ്രതിചേര്‍ത്ത് കഴിഞ്ഞ സെപ്‌റ്റംബര്‍ 25 ന് കോടതിയില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. സ്‌റ്റേഷൻ ഓഫിസര്‍ എസ്. ശ്രീധര്‍, എസ്‌ഐമാരായ കെ. ബാലകൃഷ്‌ണൻ, പി.ആര്‍ രഘുഗണേഷ്, ഹെഡ് കോണ്‍സ്‌റ്റബിള്‍മാരായ എസ്. മുരുകൻ, എ. സമദുരൈ, കോണ്‍സ്‌റ്റബിള്‍മാരായ എം. മുത്തുരാജ, എക്‌സ്. തോമസ് ഫ്രാൻസിസ്, എസ്. വേലുമുത്തു എന്നിവരാണ് കേസിലെ പ്രതികള്‍. ഗൂഡാലോചന, കൊലപാതകം, അന്യായ തടങ്കല്‍, തെളിവ് നശിപ്പിക്കല്‍, അധികാര ദുര്‍വിനിയോഗം, കള്ള തെളിവ്, അനാവശ്യമായ കുറ്റം ചുമത്തല്‍, തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ സിബിഐ ചുമത്തിയിരിക്കുന്നത്.
ലോക്ക്ഡൗണ്‍ ലംഘിച്ച് കട തുറന്നതിന് കസ്റ്റഡിയിലായ വ്യാപാരി ജയരാജനും മകന്‍ ബെന്നിക്‌സുമാണ് പൊലീസ് കസ്റ്റഡിയിലെ മര്‍ദനത്തിൽ കൊല്ലപ്പെട്ടത്. ജൂണ്‍ 19നാണ് ഇവരെ സാത്താങ്കുളം പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. തുടര്‍ന്നാണ് ക്രൂര മര്‍ദനത്തിനിരയായി ജൂൺ 23ന് കോവിൽപട്ടിയിലെ ആശുപത്രിയിൽവച്ച് ഇവര്‍ മരിച്ചത്. മരണത്തില്‍ രാജ്യവ്യാപകമായി വൻ പ്രതിഷേധങ്ങള്‍ അരങ്ങേറിയിരുന്നു.