ചെന്നൈ: തൂത്തുക്കുടി കസ്റ്റഡി കൊലപാതകത്തില്‍ സാത്താൻകുളം എസ്.ഐ രഘു ഗണേഷനെ അറസ്റ്റ് ചെയ്തു. ക്രൈംബ്രാഞ്ച് സിബിസിഐഡി സംഘമാണ് എസ്.ഐയെ അറസ്റ്റ് ചെയ്തത്. കേസില്‍ എസ്.ഐ ഉൾപ്പെടെ ആറ് പേർക്ക് എതിരെയാണ് സിബിസിഐഡി കൊലക്കുറ്റം ചുമത്തിയിരിക്കുന്നത്. മറ്റ് അഞ്ച് പേരെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും അന്വേഷണസംഘം പറഞ്ഞു. ഐജിയുടെ നേതൃത്വത്തിലുള്ള 12 അംഗ സ്പെഷ്യല്‍ ടീമിനാണ് കേസിന്‍റെ അന്വേഷണ ചുമതല. സിബിഐ അന്വേഷണം ഏറ്റെടുക്കുന്നത് വരെ ക്രിമിനല്‍ ഇൻവെസ്റ്റിഗേഷൻ വകുപ്പിന്‍റെ ക്രൈംബ്രാഞ്ച് കേസ് അന്വേഷിക്കാൻ കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി ഉത്തരവിട്ടത്.
ലോക്ക്‌ഡൗണ്‍ ലംഘിച്ചെന്നാരോപിച്ച് കസ്റ്റഡിയില്‍ എടുത്ത പി. ജയരാജനും മകന്‍ ബെനഡിക്‌സും ജൂണ്‍ 23നാണ് മരിച്ചത്. പൊലീസിന്‍റെ ക്രൂര മര്‍ദ്ദനത്തിലാണ് ഇരുവരും കൊല്ലപ്പെട്ടതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. സംഭവത്തില്‍ രാജ്യ വ്യാപകമായി പ്രതിഷേധമുയര്‍ന്നിരുന്നു.