ന്യൂ ഡൽഹി: ഇത് രാഷ്ടീയം കളിക്കേണ്ട സമയമല്ലെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുക്താർ അബ്ബാസ് നഖ്‌വി. ലോക്ക് ഡൗൺ കാലയളവില്‍ എടുക്കേണ്ട നിര്‍ദേശങ്ങൾ അടങ്ങുന്ന കത്ത് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പ്രധാന മന്ത്രിക്ക് അയച്ചതിന് പിന്നാലെയാണ് മുക്താർ അബ്ബാസ് നഖ്‌വിയുടെ പ്രസ്താവന. പ്രൊഫഷണലുകൾക്കായി പ്രത്യേക 'റിസ്ക് അലവൻസ്' പ്രഖ്യാപിക്കാനും കൊവിഡ് രോഗികളെ ചികിത്സിക്കുന്ന ആശുപത്രികളുടെ പട്ടിക ഉൾപ്പെടുത്തുന്ന ഒരു പോർട്ടൽ രൂപികരിക്കാനും സോണിയ ഗാന്ധി കത്തില്‍ നിർദ്ദേശിച്ചിരുന്നു. സോണിയയുടെ കത്തിനെക്കുറിച്ചുള്ള അഭിപ്രായമായാണ് ഇത് രാഷ്ട്രീയത്തിനുള്ള സമയമല്ലെന്നും കൊറോണ വൈറസ് വ്യാപനത്തെ നേരിടാൻ എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും നഖ്‌വി ആവശ്യപ്പെട്ടത്.
വൈറസ് വ്യാപനത്തിനെതിരെ കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും വേണ്ടത്ര മുൻകരുതല്‍ എടുക്കുന്നുണ്ടെന്നും പരിഭ്രമിക്കാതെ സര്‍ക്കാര്‍ നിര്‍ദേശങ്ങൾ പാലിക്കാനും നഖ്‌വി പറഞ്ഞു. രാജ്യത്തെ മതങ്ങൾ കൊവിഡിനെതിരെ ഒരുമിച്ച് പോരാടുന്നതില്‍ താൻ സന്തുഷ്ടനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.