താങ്കള്‍ കൂടി അംഗമായ 'ഇന്ത്യയിലെ ജനങ്ങളായ ഞങ്ങള്‍'' എന്ന ഗ്രൂപ്പ് നിര്‍ദ്ദിഷ്ട ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍.പി.ആര്‍) ബഹിഷ്‌കരിക്കുവാന്‍ ആഹ്വാനം ചെയ് തിരിക്കുന്നു. എന്നാല്‍ സര്‍ക്കാര്‍ പറയുന്നത് അത് ഒരു പതിവ് പ്രവര്‍ത്തനം മാത്രമാണെന്നും. താങ്കള്‍ക്ക് ഇതൊന്നു വിശദീകരിക്കാമോ?
ഏപ്രിലില്‍ ആരംഭിക്കുന്ന എന്‍.പി.ആര്‍ ബഹിഷ്‌കരിക്കുവാന്‍ ഞങ്ങള്‍ ആഹ്വാനം ചെയ്തിട്ടുണ്ടോ? എന്തുകൊണ്ട് അങ്ങനെ ആഹ്വാനം ചെയ്തു? സര്‍ക്കാര്‍ പിന്നീട് കൊണ്ടു വരുവാന്‍ ഉദ്ദേശിക്കുന്ന അന്യായമായതും ജനങ്ങളെ വിഭജിക്കുന്നതുമായ ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍ ആര്‍ സി) എന്ന നടപടിയെ തടയുവാനുള്ള ഏക വഴിയാണ് ഇത് എന്നതുകൊണ്ടാണ്. എല്ലാ പൗരന്മാരുടേയും ഒരു പട്ടിക തയ്യാറാക്കുന്നതിനോട് ഞങ്ങള്‍ക്ക് സര്‍ക്കാരിനോട് എതിര്‍പ്പൊന്നുമില്ല. വോട്ടര്‍ പട്ടിക എന്നൊന്ന് ഇപ്പോള്‍ തന്നെ ആ ഗണത്തില്‍ പെടുന്നതായുണ്ട്. അതിലൊക്കെ ഉപരിയായി ആധാര്‍ കാര്‍ഡും റേഷന്‍ കാര്‍ഡും മറ്റ് പല വഴികളുമുണ്ട് പൗരനാണോ എന്ന് തിരിച്ചറിയാന്‍. അപ്പോള്‍ എന്തുകൊണ്ട് കുറെകൂടി ലളിതമായ കാര്യം ചെയ്തുകൂടാ? വോട്ടര്‍ പട്ടികയെ എന്‍.ആര്‍.സി കരടായി പരിഗണിക്കട്ടെ. അങ്ങനെ ആളുകളെ ക്ഷണിച്ചു വരുത്തി അതില്‍ ഉള്‍പ്പെടാതെ പോയവരെ അഞ്ചോ ആറോ മാസത്തിനുള്ളില്‍ അപേക്ഷ സമര്‍പ്പിക്കുവാന്‍ അനുവദിക്കട്ടെ. തെറ്റായ ആരെങ്കിലും ആ പട്ടികയില്‍ ഉണ്ട് എന്ന് സര്‍ക്കാര്‍ കരുതുകയാണെങ്കില്‍ സര്‍ക്കാരിന്റെ എതിര്‍പ്പ് രേഖപ്പെടുത്താമല്ലോ. അതിനു പകരം, ഈ കാര്യങ്ങളൊക്കെയും വീണ്ടും ഒന്നില്‍ നിന്ന് ആവര്‍ത്തിക്കുകയെന്ന ഒരു ബൃഹത്തായ പദ്ധതിയാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. അതിന്റെ ആവശ്യമുണ്ടോ? രേഖകളുടെ അടിസ്ഥാനത്തിലാണ് അത് നടത്താന്‍ പോകുന്നത് എങ്കില്‍ അത് പക്ഷപാതകരമായിരിക്കില്ലേ? മുന്‍പ് ആസാമില്‍ നടത്തിയ ഇതുപോലെ ഒരു എന്‍ ആര്‍ സി യുടെ അനുഭവം വെച്ചു നോക്കുമ്പോള്‍ ദേശീയ തലത്തില്‍ അങ്ങനെ ഒന്ന് വലിയ ദുരന്തമായിരിക്കും. നോട്ട് നിരോധനം നമ്മുടെ സമ്പദ് വ്യവസ്ഥക്ക് നല്‍കിയത് എന്താണോ അതു തന്നെയായിരിക്കും എന്‍ പി ആറും എന്‍ ആര്‍ സിയും നമ്മുടെ സമൂഹത്തോടും ചെയ്യാന്‍ പോകുന്നത്. അതിനാലാണ് ഞങ്ങള്‍ അതിനെ എതിര്‍ക്കുന്നത്.
ഭരണ കക്ഷിയായ ബി.ജെ.പി യുടെ നിഗൂഡ അജണ്ടയാണ് എന്‍.ആര്‍.സി എന്ന് എന്തുകൊണ്ടാണ് താങ്കള്‍ പറഞ്ഞുകൊണ്ടേയിരിക്കുന്നത്?
യഥാര്‍ത്ഥത്തില്‍ ബി.ജെ.പി യുടെ അജണ്ട അത്രയൊന്നും നിഗൂഡമല്ല. സുപ്രീംകോടതിയുടെ നിരീക്ഷണത്തില്‍ അസമില്‍ നടന്ന എന്‍.ആര്‍.സി ഉദ്ദേശിച്ച ഫലം ഉളവാക്കിയിരുന്നില്ല. മുസ്ലീം കുടിയേറ്റക്കാരെ പുറത്താക്കാനും ഹിന്ദുക്കളെ രക്ഷിക്കുവാനും പറ്റിയ ഒരു ഉപകരണമായി എന്‍.ആര്‍ .സി യെ അവര്‍ കണ്ടു. പക്ഷെ ഉന്നത നീതി പീഠത്തിന്റെ നിരീക്ഷണത്തില്‍ നടന്ന ആ പ്രവര്‍ത്തനം ആ ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ അവരെ സഹായിച്ചില്ല. അസമില്‍ എന്‍.ആര്‍.സി നടപ്പിലാക്കിയപ്പോള്‍ 19 ലക്ഷം വിദേശികളെ കണ്ടെത്തി. അതില്‍ ഭൂരിഭാഗവും ഹിന്ദുക്കളായിരുന്നു. ഇന്നിപ്പോള്‍ അസമില്‍ ബി.ജെ.പി യുടെ വോട്ട് ബാങ്ക് ബംഗാളി ഹിന്ദുക്കളാണ്. അതോടെ നമുക്ക് എന്‍.ആര്‍.സി ഇനി വേണ്ട എന്നായി ബി.ജെ.പി. ഇത്തവണ സുപ്രീം കോടതിയുടെ നിരീക്ഷണം ഇനി ഉണ്ടാവാന്‍ ഇടയില്ലാത്തതിനാല്‍ ഞങ്ങള്‍ അത് ഏത് വിധേനയും ചെയ്യുമെന്ന് അവര്‍ പറയുന്നു. ഹിന്ദുക്കളെയും മുസ്ലീംങ്ങളേയും വേര്‍ തിരിച്ച് കാണുന്ന പൗരത്വ ഭേദഗതി നിയമം (സി.എ.എ) ഇപ്പോള്‍ തന്നെ അവരുടെ കൈയിലുണ്ട്. ഒരു ഹിന്ദു കുടിയേറ്റക്കാരനായി പിടിക്കപ്പെട്ടാല്‍ സി.എ.എ ക്കു കീഴില്‍ അവരെ സംരക്ഷിച്ചു നിര്‍ത്താം. ഇത് ശരിക്കും ഒരു ഗൂഢാലോചനയാണ്. പശ്ചിമ ബംഗാളില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ അല്‍പ്പം കൂടി വോട്ട് പിടിക്കുക എന്ന ലക്ഷ്യം വെച്ച് മൊത്തം രാജ്യത്തും പൗരത്വ പ്രശ്‌നം ഉയര്‍ത്തി കാട്ടി കളിക്കുകയാണ് അവര്‍.
അപ്പോള്‍ ആരെയായിരിക്കും ഇതെല്ലാം ലക്ഷ്യം വെക്കുന്നത്?
ഈ രാജ്യത്തിലെ മൂന്നില്‍ ഒരാളെ എന്‍.ആര്‍.സി ബാധിക്കുക തന്നെ ചെയ്യും. രേഖകള്‍ കൈവശമില്ലാത്ത ഓരോ ആദിവാസിയേയും ദളിതരേയും ദരിദ്രരേയും ഇത് ബാധിക്കുമെന്ന് മാത്രമല്ല, അവരെ ഒരു വാളിനു കീഴില്‍ കൊണ്ടു വരും.
എന്‍.പി.ആര്‍ ബഹിഷ്‌കരിച്ചാല്‍ ഒരു പൗരന് അതുകൊണ്ടുണ്ടാകുന്ന ദോഷഫലം എന്തായിരിക്കും?
ഞങ്ങള്‍ ഒരു ജനകീയ നിസ്സഹകരണ പ്രസ്ഥാനത്തിനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. അല്ലാതെ ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്യാനല്ല. സര്‍ക്കാര്‍ ഉദ്യോഗസ്ഥരോട് മാന്യമായി പെരുമാറുകയും അവര്‍ക്ക് ഒരു ചായയും നല്‍കാം. പക്ഷെ ഉത്തരങ്ങള്‍ നല്‍കരുത്. ഒരു കുടുംബം 1000 രൂപ പിഴയടക്കേണ്ടി വരും എന്നത് മാത്രമാണ് നിയമപരമായി ഇതിന്‍റെ ദോഷഫലം. അല്ലാതെ അത് ആ കുടുംബത്തെ സര്‍ക്കാരിന്റെ ക്ഷേമ പദ്ധതികളില്‍ നിന്നും പുറം തള്ളാനൊന്നും പോകുന്നില്ല. അത് നിയമ വിരുദ്ധമാണ്. എന്‍.പി.ആറിനെ എതിര്‍ക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ഒന്നും ലഭിക്കില്ല എന്ന തെറ്റായ പ്രചാരണം നടക്കുന്നുണ്ട്. സര്‍ക്കാര്‍ പദ്ധതികളുടെ പട്ടികയില്‍ നിന്നും ആളുകളെ പുറത്താക്കാന്‍ ഉപയോഗിക്കുന്നതല്ല എന്‍.പി.ആര്‍. എന്‍.ആര്‍.സിയിലേക്ക് സംഭാവന ചെയ്യുക എന്നത് മാത്രമാണ് എന്‍.പി.ആറിന്റെ ഏക ഉദ്ദേശം.
എന്തായിരിക്കും നിങ്ങളുടെ നടപടികളുടെ രീതി?
മൗലാനാ അബ്ദുള്‍ കലാം ആസാദിന്റെ ചരമദിനമായ ഫെബ്രുവരി 22 മുതല്‍ ഒരു മാസം നീണ്ടു നില്‍ക്കുന്ന ഒരു ജനകീയ ബോധവല്‍ക്കരണ പരിപാടി ഞങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. രക്തസാക്ഷി ഭഗത് സിംഗിന്റെ ചരമദിനമായ മാര്‍ച്ച് 23ന് അത് അവസാനിക്കും. 'ഞങ്ങള്‍ ഇന്ത്യയിലെ ജനങ്ങള്‍'' എന്ന ബാനറിനു കീഴില്‍ അണിനിരക്കുന്ന 100 വ്യത്യസ്ത സംഘടനകളുടെ ഒരു സംയുക്ത സംരംഭം ആയിരിക്കും അത്. ഇക്കാലയളവില്‍ ഞങ്ങള്‍ ഓരോ ജനങ്ങളിലേക്കും ചെന്നെത്തുകയും എന്‍.പി.ആറിനെ കുറിച്ച് അവരെ ബോധവാന്മാരാക്കുകയും ചെയ്യും. സമൂഹ മാധ്യമങ്ങളേയും ഞങ്ങള്‍ ഉപയോഗപ്പെടുത്തും. വാമൊഴിയിലൂടെ ഒരു സന്ദേശം പരത്തുന്ന ഒരു പ്രചാരണ തന്ത്രമായിരിക്കും അത് ആത്യന്തികമായി.
ജവഹര്‍ലാല്‍ നെഹ്രു യൂണിവേഴ്‌സിറ്റിയിലേയും ജാമിയ മിലിയ ഇസ്ലാമിയ യൂണിവേഴ്‌സിറ്റിയിലേയും കലാപങ്ങളുടെ കാര്യത്തിലായാലും എന്‍ പി ആറിലായാലും പ്രതിരോധങ്ങളുടെ എല്ലാം മുഖമായി മാറിയിരിക്കുകയാണല്ലോ താങ്കള്‍?
അല്ല. ഈ പ്രതിരോധത്തിന്റെ മുഖം ഞാനല്ല. ഈ രാജ്യത്തിലെ സ്ത്രീകളാണ് അത്. പൊലീസുകാരില്‍ നിന്നും തങ്ങളുടെ സുഹൃത്തിനെ സം രക്ഷിച്ച ജാമിയയിലെ രണ്ട് സ് ത്രീകളും അതില്‍ ഉള്‍പ്പെടും. ജെ.എന്‍.യു വിലെ അയിഷി ഘോഷും ഷഹീന്‍ ബാഗില്‍ സി.എ.എ എതിര്‍ക്കുന്ന സ് ത്രീകളും അതില്‍ പെടും. അതിനാല്‍ നരച്ച താടിയുള്ള ഒരു മുഖമല്ല, മറിച്ച് ഈ രാജ്യത്തെ സ്ത്രീകളാണ് ഈ പ്രതിരോധത്തിന്റെ മുഖം എന്നുള്ളതാണ് അതിന്റെ സൗന്ദര്യം.
അമിത് അഗ്നിഹോത്രി