ഹൈദരാബാദ്: പൗരത്വ ഭേദഗതി നിയമത്തിൽ ക്രിയാത്മക ചർച്ചകളുടെ ആവശ്യമുണ്ടെന്ന് ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു. വിഷയത്തിൽ പാർലമെന്‍റിൽ വിപുലമായ ചർച്ചകൾ ആവശ്യമാണ്. മാധ്യമങ്ങളുടെ കൂടി പങ്കാളിത്തത്തിൽ ചർച്ചകൾ നടത്തി ആവശ്യമെങ്കിൽ നിയമത്തിൽ മാറ്റങ്ങൾ വരുത്തണമെന്നും അദ്ദേഹം പറഞ്ഞു. ഇത് ജനാധിപത്യത്തിന് കൂടുതൽ കരുത്തും ഒപ്പം വിഷയത്തിൽ പൊതുജനങ്ങൾക്കിടയിൽ കൂടുതൽ അവബോധവും സൃഷ്ടിക്കും.
പൗരത്വ ഭേദഗതി രജിസ്റ്ററോ ജനസംഖ്യാ രജിസ്റ്ററോ ഏത് വിഷയത്തിലും വിയോജിക്കാനും യോജിക്കാനുമുള്ള അവകാശം ജനാധിപത്യത്തിൽ ഉണ്ട്. വിഷയത്തിന്‍റെ എല്ലാ വശങ്ങളേയും പറ്റി പഠിക്കേണ്ടതുണ്ട്. വിയോജിപ്പ് രേഖപ്പെടുത്തി പ്രതിഷേധിക്കുമ്പോഴും ആക്രമണം ഉണ്ടാവാകാതിരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രി എം. ഛന്ന റെഡ്ഡിയുടെ ജന്മശതാബ്ദി ചടങ്ങിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.