ചെന്നൈ: ഐ.എസ്.ആര്‍.ഒ മേധാവിക്ക് കത്തെഴുതി ഒൻപതാം ക്ലാസുകാരൻ . തേനി സ്വദേശിയായ ശിവ തഴൈഅരശനാണ് ഐഎസ്ആര്‍ഒ മേധാവി കെ ശിവനെ ആശ്വസിപ്പിച്ചുകൊണ്ട് കത്തെഴുതിയത്.
''ചെറുപ്പം മുതൽ എന്‍റെ ആഗ്രഹമനുസരിച്ച് ഒന്നും സംഭവിച്ചിട്ടില്ല. ഓരോ തവണയും എന്‍റെ ആഗ്രഹം നിരസിക്കപ്പെടും. പക്ഷേ ഞാൻ അത് സ്വീകരിക്കും. ഓരോ പരാജയങ്ങളും വിജയത്തിലാണ് പരിസമാപ്തമാകുന്നതെന്നുളള വിശ്വാസം എനിക്കുണ്ട് ''എന്ന ശിവന്‍റെ പുസ്‌തകത്തില്‍ നിന്ന് എടുത്ത വരികൾ കൊണ്ടാണ് ഈ കൊച്ചുമിടുക്കന്‍റെ കത്ത് തുടങ്ങുന്നത്.
"സർ, നിങ്ങൾ ഒരു തരത്തിലും ലാൻഡറിനെയോർത്ത് വിഷമിക്കരുത് .കാരണം നിങ്ങൾ ശിവനാണ് . ചന്ദ്രൻ നിങ്ങളുടെ തലയ്ക്ക് തൊട്ട് മുകളിലാണ് . അടുത്ത നിങ്ങളുടെ ശ്രമം വലിയ ഒരു വിജയത്തിലേക്കുളള കുതിപ്പായിരിക്കും" എന്നും ആ കൊച്ചുമിടുക്കന്‍ കത്തില്‍ കുറിച്ചു
അതേസമയം വിദ്യാർഥിയുടെ കത്തിന് മറുപടിയായി ശിവൻ ഒരു കത്ത് തിരികെ എഴുതി. നിങ്ങളുടെ സ്നേഹത്തിന് നന്ദി. ചന്ദ്രയാനെക്കുറിച്ച് നിങ്ങൾ പലതും നിരീക്ഷിച്ചു. അത് അയച്ചു തന്നതിന് നന്ദി . ഞങ്ങളുടെ വരാനിരിക്കുന്ന സംരഭങ്ങൾക്ക് താങ്കളുടെ ആശംസ ലഭിച്ചതിൽ സന്തോഷമുണ്ടെന്നും കെ ശിവന്‍ മറുപടി നല്‍കി.