ന്യൂഡൽഹി: രാജ്യത്തുടനീളം നടത്തുന്ന കൊവിഡ് പരിശോധനാ നിരക്ക് തുല്യരീതിയിലാണെന്ന് ഉറപ്പുവരുത്താന്‍ സുപ്രീംകോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ഇതിനായി എല്ലാ സംസ്ഥാനങ്ങളെയും ഏകോപിപ്പിക്കണം.പരിശോധനാ നിരക്കിന്‍റെ ഉയർന്ന പരിധി നിർണയിക്കാൻ കേന്ദ്രത്തിന് കഴിയണമെന്നും ആ പരിധിയിൽ നിന്ന് ഈടാക്കേണ്ട കൃത്യമായ നിരക്കുകൾ സംസ്ഥാനങ്ങൾ തീരുമാനിക്കണമെന്നും കോടതി നിർദേശിച്ചു. കൊവിഡ് രോഗികളുടെ ശരിയായ ചികിത്സ, മൃതദേഹങ്ങൾ തെറ്റായി കൈകാര്യം ചെയ്യുന്നത് എന്നിവ സംബന്ധിച്ച കേസ് ജസ്റ്റിസ് അശോക് ഭുസുഹാൻ, എസ്.കെ കൗൾ, എം.ആർ ഷാ എന്നിവരടങ്ങിയ ബെഞ്ചാണ് പരിഗണിച്ചത്.
ചില സംസ്ഥാനങ്ങളിൽ പരിശോധനക്ക് 2,200 രൂപയും, ചിലയിടങ്ങളിൽ 4,500 രൂപയുമാണ് ഈടാക്കുന്നത്.സുപ്രീം കോടതി നിരക്ക് നിശ്ചയിക്കില്ലെന്നും കേന്ദ്രം തന്നെ നിശ്ചയിക്കണമെന്നും കേന്ദ്രത്തിന് വേണ്ടി ഹാജരായ എസ്.ജി തുഷാർ മേത്തയോട് കോടതി നിർദേശിച്ചു. ആഴ്‌ചകൾ തോറും ഇത് സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കണമെന്ന് ജസ്റ്റിസ് ഭൂഷൺ പറഞ്ഞു. മഹാരാഷ്‌ട്ര സർക്കാർ പുറത്തിറക്കിയ ഉത്തരവ് പ്രകാരം രോഗിക്കോ, അടുത്ത ബന്ധുവിനോ മാത്രമെ കൊവിഡ് പരിശോധനാ ഫലം കൈമാറുകയുള്ളൂ. ഡൽഹി ആശുപത്രിയിലെ ദയനീയാവസ്ഥയെക്കുറിച്ച് വീഡിയോ പോസ്റ്റ് ചെയ്‌ത ഡോക്‌ടറിനെതിരെയുള്ള എഫ്‌ഐആർ പിൻവലിച്ചതായും വകുപ്പുതല അന്വേഷണം നടക്കുന്നതായും ഡൽഹി സർക്കാർ കോടതിയെ അറിയിച്ചു. ആറ് വർഷം മുമ്പ് ഡൽഹിയിലെ ട്രോമാ സെന്‍ററിനായി രൂപീകരിച്ച 60 കോടിയുടെ ഫണ്ടിനെക്കുറിച്ച് ജസ്റ്റിസ് കൗൾ എഎസ്‌ജി സഞ്ജയ് ജെയിനെ ചോദ്യം ചെയ്‌തു. കേസിന്‍റെ അടുത്ത വാദം ജൂലൈയിൽ കേൾക്കും.