അടച്ചു പൂട്ടല്‍ കാലത്തെ ദരിദ്രരുടെ ദുരിത യാത്രകള്‍
അടച്ചിടല്‍ നടപ്പാക്കിയതോടെ രാജ്യത്തെ തീവണ്ടികളും ബസുകളും നിര്‍ത്തലാക്കുകയും ആയിരകണക്കിന് പാവപ്പെട്ട കുടിയേറ്റ തൊഴിലാളികള്‍ അന്യ സംസ്ഥാനങ്ങളില്‍ നിന്നും തങ്ങളുടെ വീടുകളില്‍ എത്തിച്ചേരുവാന്‍ കിലോമീറ്ററുകള്‍ താണ്ടി നടക്കാന്‍ ആരംഭിക്കുകയും ചെയ്തു. ചിലര്‍ നടന്നുവെങ്കില്‍ മറ്റ് ചിലര്‍ സൈക്കിളില്‍ സഞ്ചരിച്ചു. നടന്നവരില്‍ ചിലര്‍ തങ്ങളുടെ ഇടങ്ങളില്‍ എത്തിച്ചേരുവാന്‍ റെയില്‍വേ ട്രാക്കുകള്‍ തന്നെയാണ് ഉപയോഗപ്പെടുത്തിയത്. യുവാക്കളും പ്രായമായവരും ഗര്‍ഭിണികള്‍ പോലും ഇങ്ങനെ ദുരിത യാത്ര ചെയ്യുന്നതു കണ്ടു.
ദുരിത യാത്രകളുടെ കാലസൂചിക:
26-3-2020: 26 വയസ് പ്രായമുള്ള ഒരു ദിവസകൂലിക്കാരന്‍ യാതൊരു ഭക്ഷണവും കഴിക്കാതെ 135 കിലോമീറ്റര്‍ നടന്നാണ് മഹാരാഷ്ട്രയിലെ നാഗ്‌പൂരില്‍ നിന്നും ചന്ദ്രപൂരിലെ വീട്ടിലെത്തിയത്. പൂനയില്‍ ജോലി ചെയ്തിരുന്ന നരേന്ദ്ര ഷെല്‍കെ ചന്ദ്രപൂര്‍ ജില്ലയിലെ തൻ്റെ ഗ്രാമമായ ജാമ്പിലേക്ക് നടന്നു പോകാന്‍ തീരുമാനിക്കുകയായിരുന്നു. നാഗ്‌പൂര്‍ വരെ അദ്ദേഹത്തിന് തീവണ്ടിയില്‍ പോകുവാന്‍ സാധിച്ചു. എന്നാല്‍ നാഗ്‌പൂരില്‍ അദ്ദേഹം കുടുങ്ങി പോയി. പിന്നീടുള്ള രണ്ട് ദിവസം ഭക്ഷണമില്ലാതെ വെറും വെള്ളം കുടിച്ചാണ് അദ്ദേഹം നടന്നത്. നാഗ്‌പൂരില്‍ നിന്നും 135 കിലോമീറ്റര്‍ അകലെയുള്ള സിന്ധെവാഹിയിലെ ശിവാജി പാര്‍ക്കില്‍ പൊലീസാണ് ഷെല്‍കെയെ കണ്ടെത്തിയത്. പിന്നീട് പൊലീസ് അദ്ദേഹത്തെ ഒരു വാഹനത്തില്‍ കയറ്റി 25 കിലോമീറ്റര്‍ അകലെയുള്ള ജാമ്പ് ഗ്രാമത്തില്‍ എത്തിച്ചു.
26-3-2020: അസമിലെ ലക്ഷ്മിപൂര്‍ ജില്ലയിലുള്ള തെൻ്റെ വീട്ടിലെത്തുന്നതിന് ഒരു 80 വയസ്സുകാരന് 100 കിലോമീറ്ററാണ് നടക്കേണ്ടി വന്നത്. ലക്ഷ്മിപൂര്‍ ജില്ലയിലെ ലാലുക് മേഖലയില്‍ താമസിക്കുന്ന ഖാഗന്‍ ബറുവ എന്ന ഈ വ്യക്തി പ്രധാനമന്ത്രി അടച്ചു പൂട്ടല്‍ പ്രഖ്യാപിക്കുന്നതിനു മുന്‍പ് ഗുവാഹത്തിയിലേക്ക് പോയതായിരുന്നു. അദ്ദേഹം തീവണ്ടിയില്‍ കയറി നാഗോണ്‍ ജില്ലയിലെ കലിയാബോര്‍ വരെയെത്തി. പക്ഷെ പിന്നീട് അവിടെ നിന്ന് പൊതു ഗതാഗത സംവിധാനങ്ങളൊന്നും ലഭിക്കാതെ വന്നപ്പോള്‍ വീടെത്താന്‍ അദ്ദേഹം നടന്നു തുടങ്ങി. കലിയാബോറില്‍ നിന്നും ഏതാണ്ട് 215 കിലോമീറ്ററുണ്ട് വീട്ടിലേക്ക്. ഏതാണ്ട് 100 കിലോമീറ്റര്‍ നടന്നശേഷം അദ്ദേഹം ബിശ്വനാഥ് ചരിലായി എന്ന സ്ഥലത്തെത്തി. അദ്ദേഹത്തെ കണ്ട ചില പ്രാദേശിക വാസികള്‍ ഉടന്‍ തന്നെ ഒരു ആശുപത്രിയില്‍ അദ്ദേഹത്തെ ആക്കുകയും പൊലീസിനെ അറിയിക്കുകയും ചെയ്തു.
29-3-2020: ഡല്‍ഹിയിലെ തുഗ്ലക്കാബാദില്‍ ഒരു റസ്‌റ്റോൻ്റില്‍ ഡെലിവറി ബോയ് ആയി ജോലി ചെയ്യുകയായിരുന്നു 39 വയസ്സുകാരനായ രണ്‍വീർ സിംഗ്. മദ്ധ്യപ്രദേശിലെ മുറൈന ജില്ലയിലുള്ള അംബാ എന്ന ദേശക്കാരനായ അദ്ദേഹം ജോലിയില്‍ നിന്ന് തല്‍ക്കാലം പിരിച്ചു വിട്ടതായി അറിയിച്ചതിനാല്‍ വെള്ളിയാഴ്ച തന്നെ വീട്ടിലേക്കുള്ള യാത്ര ആരംഭിച്ചു. ശനിയാഴ്ച രാവിലെ ആഗ്രയിലെത്തി തളര്‍ന്നു വീഴുമ്പോള്‍ അദ്ദേഹം ഏതാണ്ട് 200 കിലോമീറ്റര്‍ നടന്നു കഴിഞ്ഞിരുന്നു.
29-3-2020: ഡല്‍ഹിയില്‍ കഴിഞ്ഞ 10 വര്‍ഷമായി കല്‍പ്പണിക്കാരനായി ജോലി ചെയ്തിരുന്ന ഒരാള്‍ ഉത്തരപ്രദേശിലെ സിദ്ധാര്‍ഥ് നഗറിലുള്ള നദ്വാ ഗ്രാമത്തിലെ തൻ്റെ വീട്ടിലേക്ക് 800 കിലോമീറ്റര്‍ നടന്നെത്തി. ഓം പ്രകാശ് എന്ന 38 കാരന്‍ 5 രാത്രികളും 6 പകലുകളും എടുത്താണ് 29 മാര്‍ച്ചിന് തൻ്റെ ലക്ഷ്യ സ്ഥാനത്തെത്തിയത്. ആദ്യം 580 കിലോമീറ്റര്‍ നടന്ന് അദ്ദേഹം ബാരാബങ്കിയിലെത്തി. അവിടെ നിന്നും ബല്‍റാംപൂര്‍ വരെ ഒരു പാചക വാതക സിലിണ്ടര്‍ വിതരണ വാനില്‍ കയറി യാത്ര ചെയ്തു. പിന്നീട് അവിടെ നിന്നുള്ള 240 കിലോമീറ്റര്‍ വീണ്ടും നടന്നു. ഓം പ്രകാശ് വീട്ടിലെത്തിയപ്പോള്‍ ആ കുടുംബം ഏറെ ആശ്വാസം കൊണ്ടു.
29-3-2020: കഴിഞ്ഞ 5 വര്‍ഷമായി നോയിഡയിലെ ഒരു നിര്‍മ്മാണ സൈറ്റില്‍ ദിവസക്കുലിക്കാരായി ജോലി ചെയ്തിരുന്ന ഗര്‍ഭിണിയായ സ്ത്രീയും അവരുടെ ഭര്‍ത്താവും ഉത്തരപ്രദേശിലെ ജലാവുന്‍ ജില്ലയിലുള്ള രത് മേഖലയിലെ ഔതിനാ ഗ്രാമത്തിലെത്തിചേരുവാന്‍ 200 കിലോമീറ്ററാണ് നടന്നത്. 8 മാസം ഗര്‍ഭിണിയായ 25 കാരിയായ അഞ്ജു ദേവി 2 പകലും 2 രാത്രിയും എടുത്താണ് ഞായറാഴ്ച രാത്രി തൻ്റെ ഗ്രാമത്തിലെത്തിയത്. രതില്‍ എത്തിയശേഷം അഞ്ജുവും ഭര്‍ത്താവ് അശോകും (28) സമീപത്തുള്ള ഒരു സമൂഹ ആരോഗ്യ കേന്ദ്രത്തില്‍ ചെന്ന് വൈദ്യ പരിശോധനക്ക് വിധേയരായി.
31-3-2020: അടച്ചു പൂട്ടല്‍ സമയത്ത് ഷാലിമാര്‍ ഗാര്‍ഡനിലുള്ള തൻ്റെ കുടുംബത്തോടൊപ്പം എത്തി ചേരാന്‍ ഉല്‍കണ്‌ഠ പൂണ്ട ദീപക് ആഗ്രയില്‍ നിന്നും ഡല്‍ഹി വരെ നടന്നു. ഗര്‍ഭിണിയായ ഭാര്യയേയും ഒന്നര വയസ്സുള്ള മകളേയും പ്രായാധിക്യത്താല്‍ അവശയായ തൻ്റെ അമ്മയേയും കാണുന്നതിനായി ദീപക് നടന്നത് 200 കിലോമീറ്ററായിരുന്നു.
1-4-2020: ഗര്‍ഭിണിയായ ഒരു യുവതിയും അവരുടെ ഭര്‍ത്താവും 2 വയസ്സുള്ള മകനും ഗുജറാത്തിലെ സൂറത്തില്‍ നിന്നും ഉത്തരപ്രദേശിലെ ബാന്ധയിലേക്ക് റെയില്‍വെ ട്രാക്കിനരികിലൂടെയും റോഡിലൂടെയും ഒക്കെയായി വീട്ടിലേക്ക് നടന്നു പോയി. യു പി യിലെ വീട്ടിലെത്തുവാന്‍ 1066 കിലോമീറ്ററാണ് അവര്‍ നടന്നത്.
2-4-2020: ഉത്തരപ്രദേശിലെ മഥുരയില്‍ നിന്നും പന്ന വരെ 500 കിലോമീറ്ററാണ് 24 വയസ്സുള്ള ഒരു ദരിദ്ര സ്ത്രീ നടന്നത്. പന്ന ജില്ലയിലെ താമസക്കാരിയായ കല്ലി ബായ് മാര്‍ച്ച്-29 നാണ് തൻ്റെ യാത്ര ആരംഭിക്കുന്നത്. 31-ന് തന്റെ ഗ്രാമത്തില്‍ എത്തി അവര്‍. ഏപ്രില്‍ 2-ന് ആരോഗ്യമുള്ള ഒരു ആണ്‍കുഞ്ഞിനെ പ്രസവിക്കുകയും ചെയ്തു.
2-4-2020: തമിഴ്‌നാട്ടിലെ നാമക്കല്‍ ജില്ലക്കാരനായ 23 വയസ്സുള്ള ഒരു യുവാവ് മഹാരാഷ്ട്രയിലെ വാര്‍ദ്ധയില്‍ നിന്നും ഹൈദരാബാദ് വരെയുള്ള വഴിയില്‍ 454 കിലോമീറ്ററോളം നടന്നു യാത്ര ചെയ്തു. എന്നാല്‍ ഹൈദരാബാദിലെ മറെഡ്ഡ് പള്ളി പൊലീസ് പരിധിയിലുള്ള ഒരു താല്‍ക്കാലിക രക്ഷാ കേന്ദ്രത്തില്‍ നിര്‍ജ്ജലീകരണവും കടുത്ത ക്ഷീണവും മൂലം ആ യുവാവ് മരണപ്പെട്ടു. മാര്‍ച്ച്-30 നാണ് ഇയാള്‍ നാഗ്പൂരില്‍ നിന്നും യാത്ര തിരിച്ചത്.
4-4-2020: അടച്ചിടല്‍ മൂലം മഹാരാഷ്ട്രയിലെ തങ്ങളുടെ ജോലി സ്ഥലത്ത് കുടുങ്ങി പോയ തമിഴ്‌നാട്ടിലെ തിരുവാരൂര്‍ ജില്ലക്കാരായ 7 യുവാക്കള്‍ 1000 കിലോമീറ്ററോളം നടന്നും കിട്ടിയ വാഹനങ്ങളില്‍ കയറിയും തിരുച്ചിറപള്ളിയില്‍ എത്തിചേര്‍ന്നു.
9-4-2020: നിസാമാബാദിലെ ബോധന്‍ എന്ന സ്ഥലത്ത് അദ്ധ്യാപികയായി ജോലി ചെയ്യുന്ന ഒരു സ്ത്രീ ആന്ധ്രാപ്രദേശിലെ നെല്ലൂരില്‍ കുടുങ്ങി പോയ തൻ്റെ മകനെ കാണാനായി ഒരു കടുത്ത യാത്രയാണ് ചെയ്തത്. മകനെ നെല്ലൂരില്‍ നിന്ന് തിരികെ കൊണ്ടു വരാന്‍ 1400 കിലോമീറ്ററാണ് അവര്‍ സഞ്ചരിച്ചത്.
11-4-2020: വീട്ടിലെത്താന്‍ ഒഡിഷയിലെ ഒരു യുവാവ് 1700 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടി. അടച്ചു പൂട്ടല്‍ മൂലം തൊഴില്‍ നഷ്ടപ്പെട്ട മഹേഷ് ജേന എന്ന യുവാവാണ് 7 ദിവസം കൊണ്ട് 4 സംസ്ഥാനങ്ങളിലൂടെ സൈക്കിളില്‍ യാത്ര ചെയ്തത്. മഹാരാഷ്ട്രയിലെ സംഗ്ലി മിര്‍ജിലെ എം ഐ ഡി സി ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ ഒരു ഉരുക്കു കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു മഹേഷ്. ഏപ്രില്‍ 1 നാണ് മഹേഷ് യാത്ര ആരംഭിച്ചത്. ഒരു ദിവസം 16 മണിക്കൂര്‍ എന്ന കണക്കില്‍ ഏതാണ്ട് 200 കിലോമീറ്റര്‍ യാത്ര ചെയ്താണ് അദ്ദേഹം ഏപ്രില്‍ 7 ന് ജാജ്‌പൂരില്‍ എത്തിയത്.