ഡോക്ടര്‍ മഹേന്ദ്ര ബാബു കുറുവ
ഇന്ത്യയിലെ വിലക്കയറ്റത്തിന് പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് പെട്രോളിയം ഉത്‌പന്നങ്ങളുടെ വില. ഇവയിലുണ്ടാകുന്ന ചെറിയ മാറ്റം പോലും എന്നും ജനങ്ങൾക്കിടയിൽ ചർച്ചാ വിഷയമാകാറുണ്ട്. അന്താരാഷ്‌ട്ര വിപണിയിൽ ക്രൂഡ് ഓയിലിന്‍റെ വിലയിലുണ്ടാകുന്ന മാറ്റങ്ങളാണ് പലപ്പോഴും പെട്രോൾ, ഡീസൽ എന്നിവയുടെ വില വർധനവിനും വിലക്കുറവിനും കാരണമാകുന്നത്. ഇതിനനുസരിച്ച് കേന്ദ്ര സർക്കാർ പല പ്രഖ്യാപനങ്ങൾ നടത്താറുമുണ്ട്. എന്നാൽ വർധിച്ചു വരുന്ന ഇന്ധന വില ജനജീവിതത്തെ സാരമായി ബാധിക്കുന്നതിനാൽ ഇവ എന്നും ചർച്ചാ വിഷയമായി മാറിയിരിക്കുകയാണ്.
അടുത്ത കാലത്ത് ഇന്ത്യയിൽ ഏറ്റവും ഉയര്‍ന്ന നിലയില്‍ ഇന്ധന ചില്ലറ വില രേഖപ്പെടുത്തിയത് 2020 ഡിസംബര്‍ ഒൻപതിനാണ്. 2018 ഒക്‌ടോബറിനു ശേഷമാണ് രാജ്യത്ത് റ്റവും ഉയര്‍ന്ന നിലയില്‍ ഇന്ധന വില രേഖപ്പെടുത്തുന്നത്. ദേശീയ തലസ്ഥാനത്ത് പെട്രോള്‍ ഒരു ലിറ്ററിന് 83.71 രൂപയും ഡീസൽ ലിറ്ററിന് 73.87 രൂപയും ആയിരുന്നു. തുടര്‍ന്ന് ആറു ദിവസങ്ങളില്‍ ഈ വിലകള്‍ യാതൊരു മാറ്റവുമില്ലാതെ നിന്നു. മാത്രമല്ല, ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില മാറുന്നതിനനുസരിച്ച് ഇനിയും ഈ വിലകള്‍ വർധിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. പെട്രോളിന്റെയും ഡീസലിന്റെയും വില ലിറ്റര്‍ ഒന്നിന് യഥാക്രമം രണ്ട് രൂപയിലും 3.50 രൂപയിലും അധികം വർധിപ്പിക്കുവാൻ ഇന്ത്യയിലെ എണ്ണ വിപണന കമ്പനികള്‍ തീരുമാനിച്ചതു മൂലമായിരുന്നു ചില്ലറ വില്‍പ്പന വിലയില്‍ ഇത്രയും വർധനവ് ഉണ്ടാകാന്‍ കാരണമായത്.
ആഭ്യന്തര എണ്ണ വില വർധിക്കുന്നതിനു പിന്നില്‍ അടിസ്ഥാനപരമായി രണ്ട് കാരണങ്ങളാണുള്ളത്. ആഗോള തലത്തിലെ അസംസ്‌കൃത എണ്ണ വിലയിലുണ്ടാകുന്ന വർധനവാണ് ഒന്നാമത്തെ കാരണം. ബ്രന്റ് ക്രൂഡ് എന്ന വിഭാഗത്തിൽപ്പെട്ട അസംസ്‌കൃത എണ്ണയാണ് ഇന്ത്യ കൂടുതലായും ഉപയോഗിക്കുന്നത്. ഇന്ന് ബ്രന്റ് അസംസ്‌കൃത എണ്ണയുടെ വില ബാരല്‍ ഒന്നിന് 49 ഡോളറാണ്. എന്നാൽ 2020 ഏപ്രിലില്‍ 19 ഡോളറായിരുന്നു ഇതിന്‍റെ വില. ആഗോളതലത്തിൽ അസംസ്‌കൃത എണ്ണയുടെ വില വർധിക്കുന്നതിനനുസരിച്ച് ഇവിടെ നിരക്കുകള്‍ നിശ്ചയിക്കുന്നതിനായി 2010 ൽ തന്നെ ആഭ്യന്തര പെട്രോള്‍ വില നിയന്ത്രണം ഇന്ത്യാ സര്‍ക്കാര്‍ എടുത്തു കളഞ്ഞിരുന്നു. സാങ്കേതികമായി പറഞ്ഞാല്‍ ആഗോള തലത്തില്‍ അസംസ്‌കൃത എണ്ണയുടെ വില വര്‍ധിക്കുമ്പോള്‍ ആഭ്യന്തര ഇന്ധന വില വര്‍ധിക്കും. അതു പോലെ തന്നെ ആഗോള തലത്തില്‍ വില കുറഞ്ഞാല്‍ ഇവിടെയും വില കുറയും. ഒപെക് (ഓർഗനൈസേഷൻ ഓഫ് ദ പെട്രോളിയം എക്‌സ്‌പോർട്ടിംഗ് കൺട്രീസ്) രാജ്യങ്ങളുടെ ഏറ്റവും പുതിയ കരാറും ആഗോള തലത്തില്‍ അസംസ്‌കൃത എണ്ണയുടെ വില വര്‍ധിക്കുന്നതിനും അതിലൂടെ ആഭ്യന്തര ഇന്ധന വില കുത്തനെ ഉയരാന്‍ തുടങ്ങിയതും കാരണമായി.
കൊവിഡ് വ്യാപനത്തോടനുബന്ധിച്ചുണ്ടായിരുന്ന നിയന്ത്രണങ്ങള്‍ ലഘൂകരിച്ചതും കൊവിഡിനെതിരെയുള്ള പ്രതിരോധ മരുന്ന് ഉടൻ ലഭ്യമാകുമെന്നതും ജനങ്ങളിൽ പ്രതീക്ഷ വർധിക്കുകയും മറ്റും ചെയ്‌തതും ഇന്ധനവില വർധിക്കാൻ കാരണമായി. ഇതാണ് ആഭ്യന്തര എണ്ണ വില വർധനവിന്‍റെ രണ്ടാമത്തെ കാരണം.
നികുതി നിരക്കു മൂലമുണ്ടാകുന്ന പ്രശ്‌നങ്ങൾ
ആഭ്യന്തര ഇന്ധന വില വർധിക്കുന്നതിന് പിന്നിൽ യുക്തിസഹമായ ഒരു കാരണമുണ്ടെങ്കിലും ഇനിയും ലിറ്ററിന് 29 പൈസ കൂടി വർധിച്ചാൽ രാജ്യ തലസ്ഥാനത്ത് എക്കാലത്തേയും ഉയർന്ന റെക്കോര്‍ഡ് വിലയിലേക്ക് പെട്രോള്‍ വില ഉയരും എന്നത് ശ്രദ്ധിക്കേണ്ട ഒന്നാണ്. 2018 ഒക്‌ടോബര്‍ നാലിനാണ് ഏറ്റവും ഒടുവില്‍ പെട്രോള്‍ വില ലിറ്റര്‍ ഒന്നിന് 84 എന്ന ഏറ്റവും ഉയര്‍ന്ന നിരക്കിലേക്കെത്തിയത്. അന്ന് ആഗോള തലത്തില്‍ അസംസ്‌കൃത എണ്ണയുടെ വില ബാരല്‍ ഒന്നിന് ഏതാണ്ട് 80 ഡോളര്‍ ആയിരുന്നെങ്കിൽ ഇന്ന് ബാരല്‍ ഒന്നിന് 49 ഡോളര്‍ ആണ്. നിലവിലുള്ള വില നിയന്ത്രണം ഒഴിവാക്കാനുള്ള സംവിധാനം ഇന്ത്യയില്‍ ഉള്ളതിനാൽ സ്വാഭാവികമായും ഇതിനനുസരിച്ച് വില കുറയേണ്ടതാണ്. പക്ഷേ വന്‍ തോതിലുള്ള നികുതി നിരക്ക് മൂലം വിലയിൽ കുറവൊന്നുമുണ്ടായില്ല. നികുതിക്ക് പുറമേ കേന്ദ്ര സര്‍ക്കാരും വിവിധ സംസ്ഥാന സര്‍ക്കാരുകളും ചുമത്തുന്ന ചുങ്കങ്ങളും സെസ്സുകളും ഇതിന് കാരണമായി. ഉദാഹരണത്തിന് ഡല്‍ഹിയിലെ എക്‌സൈസ് തീരുവയും വാറ്റും ചേർത്താൽ തന്നെ പെട്രോളിന്‍റെ 63 ശതമാനവും ഡീസലിന്‍റെ 60 ശതമാനവും വില വരും.
കൊവിഡ് എന്ന മഹാമാരി രാജ്യത്ത് വ്യാപിക്കാൻ തുടങ്ങിയതോടെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സാമ്പത്തിക സ്ഥിതിയും മോശമാകാൻ തുടങ്ങി. അധിക വരുമാനം നേടുന്നതിനായും ഈ പ്രതിസന്ധി ഘട്ടത്തിൽ വർധിച്ച് വരുന്ന ചെലവുകള്‍ നേരിടുന്നതിനായും സർക്കാരുകൾ പിന്നെയും നികുതി വർധിപ്പിക്കുകയാണ് ചെയ്‌തത്. പെട്രോളിയം പ്ലാനിങ്ങ് ആന്‍റ് അനാലിസിസ് സെല്‍ (പി.പി.എ.സി) നൽകുന്ന കണക്കനുസരിച്ച് 2020 ഏപ്രിലിനു ശേഷം ഡല്‍ഹിയില്‍ പെട്രോള്‍ വില 56 തവണയും ഡീസല്‍ വില 67 തവണയും പുതുക്കി നിശ്ചയിക്കുകയുണ്ടായി. 2020 സെപ്റ്റംബര്‍-ഒക്‌ടോബര്‍ മാസങ്ങളൊഴികെ എല്ലാഴ്‌പ്പോഴും ഈ വിലകൾ ഉയർന്നു കൊണ്ടേയിരുന്നു. യഥാര്‍ത്ഥത്തില്‍ അസംസ്‌കൃത എണ്ണയുടെ വില കുറഞ്ഞു കൊണ്ടിരുന്നപ്പോള്‍ അതാത് സര്‍ക്കാരുകള്‍ ആഭ്യന്തര ഇന്ധന വിലയ്‌ക്ക് മേല്‍ നികുതി ചുമത്തി കൊണ്ടിരിക്കുകയാണ് ചെയ്‌തത്. ഇതിലൂടെ അനുകൂലമായിരുന്ന ആഗോള ഇന്ധന വിലയുടെ നേട്ടങ്ങള്‍ ഇല്ലാതാകുകയും ചെയ്‌തു. ആഗോള തലത്തിൽ ഇന്ധനവില കുറവായിരുന്നപ്പോൾ ഇതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ജനങ്ങളെ ബാധിച്ചിരുന്നില്ള. വിവിധ രാഷ്‌ട്രങ്ങളും രാഷ്‌ട്രീയക്കാരും തമ്മിൽ പ്രശ്‌നങ്ങൾ ഉടലെടുത്തതോടെ ആഗോള അസംസ്‌കൃത എണ്ണയുടെ വില വർധിപ്പിച്ചത് വില വർധനവും നികുതി നിരക്കും ജനങ്ങളെ സാരമായി ബാധിക്കാൻ തുടങ്ങി.
ഉയരുന്ന ഇന്ധന നിരക്കുകള്‍
അധിക വരുമാനം നേടുന്നതിനായി സര്‍ക്കാരുകള്‍ക്ക് വളരെ അധികം എളുപ്പമുള്ള ഒരു വഴിയാണ് ഇന്ധന വിലകള്‍ക്ക് മേല്‍ നികുതി അടിച്ചേല്‍പ്പിച്ച് കൊണ്ടിരിക്കുക എന്നത്. പക്ഷേ ഇങ്ങനെ നിരന്തരം വില ഉയര്‍ത്തി കൊണ്ടിരിക്കുന്നത് തീര്‍ത്തും വിരുദ്ധമായ ഫലങ്ങള്‍ ഉളവാക്കുന്നതിലേക്കായിരിക്കും നയിക്കുക. അതായത് ഇന്ധന വില ഇങ്ങനെ കുത്തനെ ഉയര്‍ന്ന് നില്‍ക്കുന്നത് സമ്പദ് വ്യവസ്ഥയില്‍ പണപ്പെരുപ്പത്തിന് കാരണമാകുമെന്നാണ്. നിലവില്‍ ഇന്ത്യയുടെ ചില്ലറ പണപ്പെരുപ്പം 7.6 ശതമാനമാണ്. കഴിഞ്ഞ ഏഴു വർഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിനോടടുത്താണിത്. ബാര്‍ക്ലേസ് നടത്തിയ കണക്കെടുപ്പ് പ്രകാരം ക്രൂഡ് ഓയില്‍ വില ബാരല്‍ ഒന്നിന് 10 ഡോളര്‍ എന്ന നിരക്കില്‍ ഇനി വർധിച്ചാൽ പെട്രോള്‍ പമ്പുകളില്‍ ഇന്ധന വില ലിറ്റര്‍ ഒന്നിന് 5.8 രൂപയാകും. മാത്രമല്ല, മൂന്നു മുതൽ ആറു മാസത്തെ കാലയളവില്‍ ഹെഡ് ലൈന്‍ പണപ്പെരുപ്പത്തിലേക്കെത്തുന്ന ഏകദേശം 34 എന്ന അടിസ്ഥാന പോയിന്‍റിൽ (ബിപി) എത്തിച്ചേരും. പെട്രോളിയം നികുതികളില്‍ യാതൊരു മാറ്റവും ഉണ്ടാകില്ല എന്ന് മുൻകൂട്ടി കണ്ടു കൊണ്ടാണ് ഈ കണക്കെടുപ്പ് നടത്തിയത്. നികുതികള്‍ കൂടി പരിഗണിക്കുകയാണെങ്കില്‍ ഇവ ഇനിയും കൂടാനാണ് സാധ്യത. അതേ സമയം ഇന്ധനത്തിന്‍റെ ആവശ്യകതയും അവയുടെ വിലയും ഉയർന്നാൽ വരും നാളുകളിൽ വലിയൊരു പ്രതിസന്ധിയെ തന്നെ അഭിമുഖീകരിക്കേണ്ടി വരും. അതിനാൽ ഇന്ധന വില നിയന്ത്രണ വിധേയമാക്കേണ്ടത് അത്യാവിശ്യമാണ്.
ഉയര്‍ന്ന ഇന്ധന വിലയുടെ വർധനവ് മൂലമുണ്ടാകുന്ന രണ്ടാമത്തെ അപകടം എന്താണെന്നു വച്ചാൽ ഇവയുടെ ആവശ്യകത ഗണ്യമായി കുറയുമെന്നതാണ്. ഇത് വലിയൊരു സാമ്പത്തിക അസ്ഥിരതയിലേക്കായിരിക്കും നയിക്കുക. ഇന്ധനത്തിനു വേണ്ടി അധികം തുക ചെലവിടുന്നതിനാൽ വരുമാനം കുറയും എന്ന് ബോധ്യം വരുന്നതോടെ അവയുടെ ആവശ്യകത കുറയുകയും ചെയ്യും. ഇത് പിന്നീട് ഗുരുതരമായ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ക്ക് വഴി വയ്‌ക്കും. റോഡ് വഴിയുള്ള ചരക്ക് ഗതാഗതത്തിന് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഇന്ധനം ഡീസലാണ്. എന്നാൽ ഡീസല്‍ വില കുത്തനെ ഉയരുന്നത് ഗതാഗത മേഖലക്ക് ഗുരുതരമായ തിരിച്ചടി സൃഷ്ടിക്കുമെന്നും അത് ഇതിനെ ആശ്രയിക്കുന്ന ജനങ്ങള്‍ക്ക് തിരിച്ചടിയായി മാറുമെന്നുമുള്ളതാണ് മൂന്നാമത്തെ അപകട സാധ്യത. കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാതലത്തിൽ നിലച്ച് പോയ രാജ്യത്തെ പൊതു ഗതാഗത സംവിധാനങ്ങള്‍ ഒന്നും തന്നെ ഇനിയും ആരംഭിച്ചിട്ടില്ല. അതിനാല്‍ ജനങ്ങളില്‍ ഭൂരിഭാഗവും ഇപ്പോള്‍ സ്വകാര്യ വാഹനങ്ങളെയാണ് ആശ്രയിക്കുന്നത്. അതിനാൽ ഇന്ധന വില കുത്തനെ ഉയര്‍ന്നാല്‍ അവരുടെ സാമ്പത്തിക സ്ഥിതിയെ അത് വളരെയധികം ബാധിക്കും. കൊവിഡ് മൂലമുണ്ടായ സാമ്പത്തിക മാന്ദ്യം നിലവില്‍ തന്നെ അവരുടെ സാമ്പത്തിക സ്ഥിതിയെ ദുര്‍ബലമാക്കിയിരിക്കുകയാണ്. അതിനിടയിൽ ഇന്ധന വിലയിലെ വർധനവും അവർക്ക് താങ്ങാൻ കഴിയില്ല.
സാധാരണ ജനജീവിതത്തെ പല രീതിയിൽ ഇന്ധന വില വർധനവ് ബാധിക്കുമെന്നതിനാൽ നികുതികള്‍ ചുമത്തുന്നതിനു മുന്‍പായി സര്‍ക്കാരുകൾ ഇവയെ കുറിച്ച് പഠിക്കുകയും പ്രത്യാഘാതങ്ങൾ എന്തെന്ന് മനസിലാക്കേണ്ടതും അത്യാവശ്യമാണ്. നികുതി കുറയ്ക്കുന്നതോ അല്ലെങ്കില്‍ ഇനി വീണ്ടും കൂട്ടാതെ ഇരിക്കുകയോ ചെയ്യുന്നത് ഇന്ധന വില വർധനവു മൂലമുണ്ടാകുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരമാകില്ല.
എന്നിരുന്നാലും രാജ്യത്തിന്‍റെ ബൃഹത് സാമ്പത്തിക സുസ്ഥിരതക്ക് വേണ്ടി മെച്ചപ്പെട്ട ധനകാര്യ ആസൂത്രണങ്ങള്‍ നടപ്പാക്കുന്നതിനായി നയ രൂപീകരണ വിദഗ്‌ധരുടെ അഭിപ്രായം സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്. അതേ സമയം നയ രൂപീകരണം നടത്തുന്നവര്‍ ഫോസിൽ ഇന്ധനത്തിന്‍റെ ഉപയോഗം കുറയ്‌ക്കുന്നതിനും പുനരുപയോഗിക്കാൻ പറ്റുന്നതുമായ ഊര്‍ജ്ജം വികസിപ്പിച്ചെടുക്കേണ്ടതുമായ സാധ്യതകൾ അന്വേഷിക്കേണ്ടിയിരിക്കുന്നു.