ആറാഴ്ച മുന്‍പ് വരെ ആദ്യത്തെ ഏതാനും കൊവിഡ്-19 കേസുകളെ ദക്ഷിണ കൊറിയ വളരെ സ്തുത്യര്‍ഹാംവിധം കൈകാര്യം ചെയ്തു. പക്ഷെ രോഗി-31 എല്ലാം മാറ്റി മറിച്ചു. രോഗി-31 എന്ന പേരില്‍ അറിയപ്പെട്ട ആ സ്ത്രീ പള്ളികള്‍, ആശുപത്രികള്‍, പൊതു സ്ഥലങ്ങള്‍ എന്നിവിടങ്ങളിലെല്ലാം അശ്രദ്ധയോടെ കയറിയിറങ്ങി. ദക്ഷിണ കൊറിയയിലെ ആയിരകണക്കിന് പേര്‍ക്കാണ് അതിലൂടെ അവര്‍ വൈറസ് പകര്‍ന്നു നല്‍കിയത്. എന്നാല്‍ ലക്ഷണങ്ങള്‍ ഒന്നുമില്ലാത്ത വൈറസ് വാഹകരെ കണ്ടെത്തിയ അധികൃതര്‍ ഉടനടി നടപടികള്‍ എടുത്തു തുടങ്ങി.
ഇതേ പോലെ തന്നെയാണ് നിസാമുദ്ദീന്‍ മര്‍ക്കസ് മൂലം ഇന്ത്യയിലും പെട്ടെന്ന് വൈറസ് ബാധിച്ചവരുടെ എണ്ണം കുത്തനെ ഉയര്‍ന്നത്. മാര്‍ച്ച്-13 മുതല്‍ 15 വരെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിനാളുകള്‍ ഡല്‍ഹിയിലെ നിസാമുദ്ദിനില്‍ നടന്ന ഈ വന്‍ മത ചടങ്ങില്‍ പങ്കെടുത്തു. നൂറുകണക്കിന് വിദേശികളും ഇതില്‍ പങ്കെടുത്തവരായുണ്ട്. നിസാമുദ്ദീനിലെ തബ് ലിഗ് ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്ത ഇന്തോനേഷ്യയില്‍ നിന്നെത്തിയ ഒരു സംഘത്തിന് കൊവിഡ്-19 സ്ഥിരീകരിച്ചപ്പോള്‍ തെലങ്കാന സര്‍ക്കാര്‍ ഉടന്‍ തന്നെ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ച് ജാഗരൂകരാക്കി. തെലങ്കാനയില്‍ സംഭവിച്ച 6 കൊവിഡ്-19 മരണങ്ങള്‍ക്കും ഈ സമ്മേളനവുമായുള്ള ബന്ധം സര്‍ക്കാര്‍ തിരിച്ചറിഞ്ഞു. അതുപോലെ ആന്ധ്രാ പ്രദേശില്‍ ഉണ്ടായ രോഗ സ്ഥിരീകരണങ്ങള്‍ക്കും നിസാമുദ്ദീന്‍ സമ്മേളനവുമായി ബന്ധമുണ്ടായിരുന്നു. ഇന്നലെ പ്രധാനമന്ത്രി മോദിയുമായി നടത്തിയ വീഡിയോ സമ്മേളനത്തില്‍ മര്‍ക്കസ്സില്‍ പങ്കെടുത്ത ആളുകള്‍ എല്ലാം തേടി പിടിച്ചതായി മുഖ്യമന്ത്രിമാരെല്ലാം അറിയിച്ചു. ഇനി ഈ സമ്മേളനത്തില്‍ പങ്കെടുത്തവരുടെയെല്ലാം സമ്പര്‍ക്ക വിവരങ്ങള്‍ അറിഞ്ഞാല്‍ മാത്രമേ എത്രത്തോളം ആളുകള്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട് എന്നുള്ള വ്യക്തമായ ചിത്രം ഉണ്ടാവുകയുള്ളൂ. മെഡിക്കല്‍ പരിശോധനകള്‍ നടത്തുകയും രോഗം ബാധിച്ചവരെ ഏകാന്തവാസത്തിലാക്കുകയും അവരുടെ സമ്പര്‍ക്കങ്ങളെ കണ്ടെത്തുകയും ചെയ്യുക എന്നുള്ള സങ്കീര്‍ണ്ണമായ പ്രക്രിയ ഒട്ടും തന്നെ അവഗണിക്കാന്‍ പാടില്ലാത്ത കാര്യമാണ്.
മാര്‍ച്ച്-12ന് കൊവിഡ്-19 ഒരു ആരോഗ്യ അടിയന്തിരാവസ്ഥയായി പ്രഖ്യാപിച്ച കെജ്‌രിവാള്‍ സര്‍ക്കാര്‍ ഡല്‍ഹിയില്‍ വന്‍ തോതില്‍ ആളുകള്‍ കൂടുന്ന ഒരു കാര്യവും നടത്താന്‍ പാടില്ല എന്ന് ഉത്തരവിട്ടിരുന്നു. തുടക്കത്തില്‍ ഒരു സ്ഥലത്ത് 200-ല്‍ കൂടുതല്‍ പേര്‍ ഒത്തുചേരാന്‍ പാടില്ല എന്നായിരുന്നു നിബന്ധനയെങ്കില്‍ തൊട്ടടുത്ത ദിവസം തന്നെ അത് 50 ആക്കി ചുരുക്കി. എന്നാല്‍ ആയിരകണക്കിനു പേര്‍ പങ്കെടുത്ത ഈ സമ്മേളനം തബ്‌ലിഗി ജമാഅത്ത് എങ്ങനെ നടത്തി എന്നും ആരാണ് അതിനവര്‍ക്ക് ഒത്താശ ചെയ്ത് കൊടുത്തത് എന്നുമുള്ള കാര്യങ്ങള്‍ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. ജനങ്ങളുടെ ജീവന്‍ അപകടത്തിലാക്കികൊണ്ട് ഒരു മത സമ്മേളനം വിളിച്ചു ചേര്‍ത്ത മൗലാനാ മുഹമ്മദ് സാദിനെതിരെ കേസെടുക്കുവാന്‍ ഡല്‍ഹി മുഖ്യമന്ത്രി ഉത്തരവിട്ടതോടെ ജമാഅത്ത് തലവന്‍ ഒളിവില്‍ പോയിരിക്കുന്നു. ഉത്തരവുകളും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും നിരന്തരം സര്‍ക്കാര്‍ പുറപ്പെടുവിച്ചിരിക്കുന്നതിന്‍റെ ഇടയില്‍ കൊറോണ വൈറസ് ബാധിച്ചിട്ടുള്ള മലേഷ്യയില്‍ നിന്നും ഇന്തോനേഷ്യയില്‍ നിന്നുമൊക്കെ തിരിച്ചെത്തിയവര്‍ തങ്ങളുടെ യാത്രാ വിവരങ്ങള്‍ മറച്ചു വെച്ചിരിക്കയാണ്.
മാര്‍ച്ച്-3 മുതല്‍ അന്താരാഷ്ട്ര വിനോദ സഞ്ചാരികള്‍ക്ക് ഒരു പ്രത്യേക വിസ സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു ഡല്‍ഹി സര്‍ക്കാര്‍. ഔദ്യോഗിക സംവിധാനങ്ങള്‍ ജാഗരൂകരായിരിക്കുമ്പോള്‍ തന്നെയാണ് ഡല്‍ഹിയിലേക്കെത്തിയ രണ്ട് വിദേശ യാത്രക്കാര്‍ രോഗം ബാധിച്ചതായി സ്ഥിരികരിക്കപ്പെട്ടതും, കോയമ്പത്തൂരില്‍ ഒരാള്‍ മരിച്ചതും. ഒരുപക്ഷെ അധികൃതര്‍ കൂടുതല്‍ ജാഗരൂകരായിരുന്നുവെങ്കില്‍ ഈ ഭീഷണി ഒഴിവാക്കാമായിരുന്നു. നിസാമുദ്ദീന്‍ സംഭവത്തിനു ശേഷമെങ്കിലും ജനക്കൂട്ടങ്ങള്‍ ഉണ്ടാകാതിരിക്കുവാന്‍ സര്‍ക്കാരുകള്‍ അതീവ ജാഗ്രത പാലിക്കണം. ദേശവ്യാപകമായ അടച്ചു പൂട്ടല്‍ അവസാനിപ്പിക്കുന്നതിനു മുന്‍പ് ഇത്തരം ജനക്കൂട്ടങ്ങള്‍ ഒരിടത്തും സംഭവിക്കാന്‍ പാടില്ല. കുടിയേറ്റ തൊഴിലാളികളുടെ പലായനം ഉത്തരപ്രദേശിലും ബിഹാറിലും മാത്രമല്ല മൊത്തം രാജ്യത്തിനു തന്നെ ഭീഷണിയാണ്.
ലോകം മുഴുവന്‍ കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന വേഗത അമ്പരിപ്പിക്കുന്നതാണ്. രോഗം ബാധിച്ചവരുടെ എണ്ണം 10 ലക്ഷം കടന്നിരിക്കുന്നു. മരിച്ചവര്‍ 50000 നു മുകളിലും. തുടക്കത്തില്‍ ഈ പകര്‍ച്ചവ്യാധിയെ വലിയ ഭീഷണിയായി കണക്കാക്കാതിരുന്ന അമേരിക്കയില്‍ഇപ്പോള്‍ തന്നെ 2.5 ലക്ഷം പേര്‍ രോഗ ഗ്രസ്തരായിരിക്കുന്നു. ഏതാണ്ട് അത്രതന്നെ പേര്‍ വൈറസ് ബാധയാല്‍ മരണപ്പെടാനും ഇടയുണ്ടെന്ന് പ്രവചിക്കപ്പെടുന്നു. ഇറ്റലിയില്‍ ആദ്യത്തെ 100 കേസുകള്‍ കഴിഞ്ഞപ്പോള്‍ പിന്നീടുള്ള ഒരാഴ്ചയില്‍ ലക്ഷങ്ങളായാണ് രോഗികള്‍ വര്‍ദ്ധിച്ചത്. ഇന്ത്യയില്‍ ഇതിന്‍റെ ശക്തി കുറവാണെങ്കിലും നിസാമുദ്ദീന്‍ പോലുള്ള സംഭവങ്ങള്‍ പകര്‍ച്ചവ്യാധി കുത്തനെ ഉയര്‍ത്താന്‍ കാരണമായേക്കും.
തബ്‌ലിഗ് ജമാഅത്ത് സംഭവത്തിനു ശേഷം കേന്ദ്ര സര്‍ക്കാര്‍ രാജ്യത്ത് 20 വൈറസ് ഹോട്ട് സ്‌പോട്ടുകള്‍ കണ്ടെത്തി കഴിഞ്ഞു. ഡല്‍ഹി, മഹാരാഷ്ട്ര, തമിഴ്‌നാട്, കേരളം, രാജസ്ഥാന്‍, എന്നിവയുള്‍പ്പെടെ ആറ് സംസ്ഥാനങ്ങളില്‍ ആണ് ഏറ്റവും കൂടൂതല്‍ രോഗികള്‍ ഉള്ളത്. അടച്ചു പൂട്ടലിനു ശേഷം ഈ പ്രശ്‌നത്തില്‍ നിന്നും മുക്തി നേടുവാനുള്ള അനുയോജ്യമായ തന്ത്രങ്ങള്‍ നിര്‍ദ്ദേശിക്കുവാന്‍ പ്രധാനമന്ത്രി സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. ഈ തന്ത്രത്തിന്‍റെ ഭാഗമായി ഒരുപക്ഷെ നിലവിലെ അടച്ചു പൂട്ടല്‍ ഏതാനും ആഴ്ചകള്‍ കൂടി നീട്ടാന്‍ സാധ്യതയുണ്ട്. അതേ സമയം തന്നെ വൈറസ് ബാധിച്ചവരെ കണ്ടെത്താനും പരിശോധന നടത്താനും ഏകാന്തവാസത്തിലാക്കാനുമുള്ള നടപടികള്‍ കുറ്റമറ്റതാക്കി നടപ്പാക്കണം. കൊവിഡ്-19 നേക്കാള്‍ വലിയ പ്രശ്‌നമാണ് ഭയാശങ്ക എന്ന് സുപ്രീം കോടതി പറഞ്ഞിരിക്കുന്നു. ഈ അദൃശ്യനായ ശത്രുവിനെതിരെയുള്ള പോരാട്ടത്തില്‍ ഏതെങ്കിലും ഒരു ഘട്ടത്തില്‍ സര്‍ക്കാരിന്‍റെ ഭാഗത്തു നിന്നും അശ്രദ്ധ ഉണ്ടായാല്‍ മൊത്തം രാജ്യം തന്നെ അപകടത്തിലാകും.