ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറിന്‍റെ ട്വിറ്റര്‍ അക്കൗണ്ട് സംരക്ഷിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ശശി തരൂര്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. ജൂണ്‍ എട്ടിനാണ് കേസില്‍ വാദം കേള്‍ക്കുക. സുനന്ദ പുഷ്‌കറിന്‍റെ ട്വീറ്റുകള്‍ കേസില്‍ പ്രധാനപ്പെട്ടതായതിനാല്‍ ട്വിറ്റര്‍ അക്കൗണ്ട് ഇല്ലാതായേക്കുമെന്ന ആശങ്കയുണ്ടെന്ന് തരൂരിന്‍റെ പരാതിയില്‍ പറയുന്നു. കോടതി നടപടികള്‍ തീര്‍പ്പാക്കുന്നതു വരെ ട്വിറ്റര്‍ അക്കൗണ്ട് നിലനിര്‍ത്താന്‍ പൊലീസിനോട് ട്വിറ്റര്‍ ഇന്ത്യയോട് ആവശ്യപ്പെടണമെന്നാണ് തരൂരിന്‍റെ ആവശ്യം. സജീവമാവാതെ നീണ്ട കാലം നിലനില്‍ക്കുന്ന അക്കൗണ്ടുകള്‍ ട്വിറ്റര്‍ ഒഴിവാക്കുന്നുണ്ടെന്നും തരൂര്‍ ഹര്‍ജിയില്‍ പറയുന്നു.
സുനന്ദയുടെ ചില ട്വീറ്റുകള്‍ വിചാരണകോടതിക്ക് മുമ്പാകെ ഹാജരാക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ പറയുന്നു. സുനന്ദ പുഷ്‌കറിന് ആത്മഹത്യ ചെയ്യാനുള്ള പ്രേരണ ഉണ്ടായിരുന്നില്ലെന്ന് ഈ ട്വീറ്റുകള്‍ വ്യക്തമാക്കുന്നതായി ശശി തരൂര്‍ അവകാശപ്പെട്ടു. ഭര്‍ത്താവുമായുള്ള ബന്ധത്തില്‍ അകല്‍ച്ച വന്നതിനെ തുടര്‍ന്ന് സുനന്ദ മാനസിക സംഘര്‍ഷം അനുഭവിച്ചിരുന്നുവെന്ന് പൊലീസ് നേരത്തെ കോടതിയെ അറിയിച്ചിരുന്നു. മരണത്തിന് ദിവസങ്ങള്‍ക്ക് മുന്‍പ് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നുവെന്നും ശരീരത്തില്‍ മുറിവുകള്‍ ഉണ്ടായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. 2014 ജനുവരി 17ന് ഡല്‍ഹി ചാണക്യപുരിയിലെ ലീലാ പാലസ് ഹോട്ടലില്‍ അമ്പത്തൊന്നുകാരിയായ സുനന്ദ പുഷ്‌കറിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.