മുംബൈ: മഹാരാഷ്‌ട്രയിലെ പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും. പശ്ചിമ മഹാരാഷ്‌ട്രയിലെയും മറാത്ത്‌വാദയിലെയും പ്രളയ ബാധിത പ്രദേശങ്ങളാണ് മുഖ്യമന്ത്രി ഉദ്ദവ് താക്കറെയും പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസും സന്ദര്‍ശിക്കുന്നത്. താക്കറെയും റവന്യൂമന്ത്രി ബാലസഹേബ് തൊറാട്ട്, മന്ത്രി വിജയ് വദേതിവാര്‍ എന്നിവരടങ്ങുന്ന സംഘം തിങ്കളാഴ്‌ച രാവിലെ സോളാപൂര്‍ ജില്ലയിലെത്തി. പ്രദേശത്തെ നാശനഷ്‌ടം വിലയിരുത്തിയ ശേഷം പ്രദേശവാസികള്‍ക്ക് എല്ലാവിധ സഹായങ്ങളും മുഖ്യമന്ത്രി വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്.
അതേസമയം മുന്‍ മുഖ്യമന്ത്രി കൂടിയായ ദേവേന്ദ്ര ഫഡ്‌നാവിസ് ബരാമതിയിലെയും പൂനെ ജില്ലയിലെയും പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. അടിയന്തരമായി മുഖ്യമന്ത്രി പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പ്രളയം നാശനഷ്‌ടം ഉണ്ടാക്കിയ കൃഷി സ്ഥലങ്ങള്‍ സന്ദര്‍ശിച്ച അദ്ദേഹം കര്‍ഷകര്‍ക്ക് ഉടന്‍ സഹായം എത്തിക്കാന്‍ സര്‍ക്കാറിനോടാവശ്യപ്പെട്ടു. കേന്ദ്രം സംസ്ഥാനത്തെ സഹായിക്കാന്‍ തയ്യാറാണെന്നും എന്നാല്‍ കര്‍ഷകരെ സഹായിക്കാനുള്ള പ്രാഥമിക ഉത്തരാവാദിത്തം സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ വര്‍ഷം പ്രളയം നാശം വിതച്ചപ്പോള്‍ 10,000 കോടിയുടെ അടിയന്തര സഹായമാണ് താന്‍ നല്‍കിയതെന്നും ദേവേന്ദ്ര ഫഡ്‌നാവിസ് വ്യക്തമാക്കി. താന്‍ പ്രളയബാധിത സ്ഥലങ്ങള്‍ സന്ദര്‍ശിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ താക്കറെ സര്‍ക്കാറിലെ എല്ലാ മന്ത്രിമാരും പ്രളയബാധിത സ്ഥലങ്ങളിലെത്തിയെന്നും അദ്ദേഹം പരിഹസിച്ചു.