ലോക്പാലും ലോകായുക്തയും നടപ്പിലാക്കിയില്ലെങ്കിൽ തനിക്ക് ലഭിച്ച പത്മ ഭൂഷൺ പുരസ്കാരം തിരികെ നൽകുമെന്ന് അണ്ണാ ഹസാരെ. അവാർഡിന് വേണ്ടിയല്ല താൻ പ്രവർത്തിച്ചത്. രാജ്യത്ത് നിന്നും അഴിമതി ഇല്ലാതാക്കാൻ വേണ്ടിയാണ് ,എന്നാൽ തന്‍റെ പ്രവർത്തനങ്ങൾ ഫലം കണ്ടില്ലെങ്കിൽ ഈ അവാർഡ് സ്വീകരിക്കുന്നതിൽ എന്ത് അർഥമാണുള്ളത് ഹസാരെ ചോദിച്ചു.
ലോക്പാൽ ലോകായുക്ത നിയമങ്ങൾ പ്രാബല്യത്തിൽ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് അനിശ്ചിതകാല ഉപവാസ സമരം തുടരുകയാണ് അണ്ണാ ഹസാരെ. സമരം അഞ്ചു ദിവസം പിന്നിട്ടതോടെ അദ്ദേഹത്തിന്‍റെ ആരോഗ്യനില വഷളായിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
ലോക്പാൽ വഴി മതിയായ തെളിവുകളുണ്ടെങ്കിൽ പ്രധാനമന്ത്രിക്കെതിരെ വരെ അന്വേഷണം നടത്താം. ലോകായുക്ത വഴി മുഖ്യമന്ത്രിമാർക്കും മറ്റ് മന്ത്രിമാർക്കെതിരെയും അന്വേഷണം നടത്താൻ കഴിയും. അതുകൊണ്ടാണ് ഒരു പാർട്ടിക്കും ഇക്കാര്യത്തിൽ താൽപ്പര്യമില്ലാത്തത്. എന്നാൽ നീതിക്കു വേണ്ടിയുള്ള തന്‍റെ സമരം മുന്നോട്ട് പോവുക തന്നെ ചെയ്യും. സമരത്തിനിടെ തനിക്ക് ജീവഹാനി സംഭവിച്ചാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരിക്കും അതിന് പൂർണ്ണ ഉത്തരവാദിയെന്നും ഹസാരെ പറഞ്ഞു.