ബ്രസീലിയ: തീവ്രവാദം മൂലം ലോക സമ്പദ്‌വ്യവസ്ഥക്ക് ഒരു ട്രില്യൺ യുഎസ് ഡോളർ നഷ്ടമുണ്ടാകുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 11-ാമത് ബ്രിക്സ് ഉച്ചകോടിയുടെ പ്ലീനറി സെഷനെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു മോദി.
വികസനം, സമാധാനം, അഭിവൃദ്ധി എന്നിവ നേരിടുന്ന ഏറ്റവും വലിയ ഭീഷണിയായി തീവ്രവാദം ഉയർന്നുവന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിചേർത്തു. ചില കണക്കുകൾ പ്രകാരം, ഭീകരത മൂലം വികസ്വര രാജ്യങ്ങളുടെ സാമ്പത്തിക വളർച്ച 1.5 ശതമാനം കുറഞ്ഞെന്നും, ലോക സമ്പദ്‌വ്യവസ്ഥക്ക് ഒരു ട്രില്യൺ യുഎസ് ഡോളർ നഷ്ടമുണ്ടാക്കിയെന്നും മോദി പറഞ്ഞു.
10 വർഷത്തിനിടെ തീവ്രവാദം 2.25 ലക്ഷം ആളുകളുടെ ജീവൻ നഷ്‌ടപ്പെടുത്തിയെന്നും ഭീകരതക്കുള്ള ധനസഹായം, മയക്കുമരുന്ന് കടത്ത്, സംഘടിത കുറ്റകൃത്യങ്ങൾ എന്നിവ സൃഷ്ടിച്ച സംശയത്തിന്‍റെ അന്തരീക്ഷം വാണിജ്യത്തെയും വ്യാപാരത്തെയും പരോക്ഷമായും ആഴത്തിൽ ബാധിക്കുന്നുവെന്നും മോദി പറഞ്ഞു.
ബ്രസീൽ, ചൈന, റഷ്യ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളുടെ പ്രസിഡന്‍റുമാരുടെ സാന്നിധ്യത്തിൽ ഇറ്റാമറി കൊട്ടാരത്തിലാണ് പതിനൊന്നാമത് ബ്രിക്സ് ഉച്ചകോടിയുടെ പ്ലീനറി സെഷൻ നടന്നത്.