ന്യൂഡല്‍ഹി: ജമ്മുകശ്‌മീരില്‍ ഹിസ്‌ബുള്‍ മുജാഹിദീന്‍ ഭീകര്‍ക്കൊപ്പം അറസ്റ്റിലായ ഡിഎസ്‌പി ദേവേന്ദ്ര സിംഗ് ജാമ്യപേക്ഷ പിന്‍വലിച്ചു. രാജ്യതലസ്ഥാനം ഉള്‍പ്പെടെ രാജ്യത്തിന്‍റെ വിവിധ പ്രദേശങ്ങള്‍ ഭീകരാക്രമണം നടത്താന്‍ ആസൂത്രണം ചെയ്‌തെന്നും പൊലീസ് ഉദ്യോഗസ്ഥന് ഭീകരവാദബന്ധമുണ്ടെന്നും ആരോപിച്ചാണ് ദേവേന്ദ്ര സിംഗിനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.
ജാമ്യാപേക്ഷ പിന്‍വലിക്കാന്‍ ജസ്റ്റിസ് ധര്‍മേന്ദ്ര റാണ അനുമതി നല്‍കിയതിന്‍റെ അടിസ്ഥാനത്തിലാണ് നീക്കം. അപേക്ഷയില്‍ ചില മാറ്റങ്ങള്‍ വരുത്താനുണ്ടെന്നും അധികമായി രേഖകള്‍ സമര്‍പ്പിക്കാനുണ്ടെന്നും ചൂണ്ടികാട്ടിയാണ് ജാമ്യാപേക്ഷ പിന്‍വലിച്ചത്.
ഹിസ്‌ബുള്‍ മുജാഹിദീന്‍ ഭീകരവാദ സംഘടനയിലെ രണ്ട് പ്രവര്‍ത്തകരെ വാഹനത്തില്‍ കയറ്റുന്നതിനിടെയാണ് ദേവേന്ദ്ര സിംഗ് അറസ്റ്റിലാകുന്നത്. ഇയാള്‍ക്കൊപ്പം ഇര്‍ഫാന്‍ ഷാഫി മിര്‍, സെയ്‌ദ് നവീദ് എന്നിവരാണ് അറസ്റ്റിലായത്. ഇവരും ജാമ്യാപേക്ഷ പിന്‍വലിച്ചു.
സംഭവത്തില്‍ ജനുവരി മുതല്‍ ദേവേന്ദ്ര സിംഗ് സസ്‌പെന്‍ഷനിലാണ്. ജമ്മു കശ്‌മീരിലെ ഹിരനഗര്‍ ജയിലില്‍ നിന്നും ഇവരെ തിഹാര്‍ ജയിലിലേക്ക് മാറ്റി.