ഹൈദരാബാദ് (തെലങ്കാന): ഹൈദരാബാദില്‍ പീഡനത്തിരയായി കൊല്ലപ്പെട്ട വെറ്ററിനറി ഡോക്‌ടര്‍ അപകടത്തെക്കുറിച്ച് സഹോദരിയെ വിളിച്ച് പറയുന്നതിന് മുന്‍പ് പൊലീസിനെ അറിയിക്കേണ്ടതായിരുന്നുവെന്ന് തെലങ്കാന ആഭ്യന്തര മന്ത്രി മുഹമ്മദ് മഹ്‌മൂദ് അലി. അങ്ങനെ ചെയ്‌തിരുന്നെങ്കില്‍ ഡോക്‌ടറുടെ ജീവന്‍ നഷ്‌ടപെടില്ലായിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
നല്ല വിദ്യാഭ്യാസമുണ്ടായിരുന്നിട്ടും വിഷയം പൊലീസിനെ അറിയിക്കാനുള്ള വിവേകം ഡോക്‌ടര്‍ക്കില്ലാതെ പോയത് നിര്‍ഭാഗ്യകരമായിപ്പോയെന്നും മന്ത്രി അഭിപ്രായപ്പെട്ടു. പൊലീസ് ഹെല്‍പ്പ് ലൈന്‍ നമ്പറിനെക്കുറിച്ച് ജനങ്ങള്‍ക്ക് കൂടുതല്‍ അവബോധം നല്‍കാനുള്ള നടപടികള്‍ ഉടന്‍ കൈക്കൊള്ളുമെന്നും മുഹമ്മദ് മഹ്‌മൂദ് അലി പറഞ്ഞു.
ബുധനാഴ്ച വൈകിട്ട് ഹൈദരാബാദിലെ വീട്ടിലേക്കുള്ള യാത്രാമധ്യേയാണ് യുവതിയെ അജ്ഞാതർ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തിയ ശേഷം ജീവനോടെ ചുട്ടുകൊന്നത്. സംഭവത്തില്‍ പ്രതികളായ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ലോറി ഡ്രൈവര്‍മാരും ക്ലീനര്‍മാരുമാണ് പ്രതികള്‍. നാരായണപേട്ട ജില്ലയിലെ പാഷ, മഹാബൂബ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്. മറ്റ് രണ്ട് പേരുടെ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.