ഹൈദരാബാദ്: രാജ്യത്ത് കൊവിഡ് 19 കേസുകൾ വർധിച്ച് വരുന്ന സാഹചര്യമായതിനാൽ ഇന്ത്യയിൽ നിർമിക്കുന്ന മരുന്നുകളുടെയും മെഡിക്കൽ ഉപകരണങ്ങളുടെയും നികുതി നീക്കം ചെയ്യണമെന്ന് കേന്ദ്രത്തോട് അഭ്യർഥിച്ച് തെലങ്കാന സർക്കാർ. തെലങ്കാന ആരോഗ്യമന്ത്രി ഈതേല രാജേന്ദ്രയാണ് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധനോട് ഇക്കാര്യം ആവശ്യപ്പെട്ടത്. ഇതിനുപുറമെ ഇറക്കുമതി ചെയ്യുന്ന മരുന്നുകളുടെ നികുതിയും നീക്കം ചെയ്യണമെന്ന് രാജേന്ദ്ര അഭ്യർഥിച്ചു.
തെലങ്കാനയിലെ കൊവിഡ് പ്രതിരോധ നടപടികൾ വ്യക്തമാക്കിയ രാജേന്ദ്ര, സംസ്ഥാനത്തിന് എൻ 95 മാസ്കുകൾ, പിപിഇ കിറ്റുകൾ, ടെസ്റ്റിംഗ് കിറ്റുകൾ എന്നിവ എത്രയും വേഗം എത്തിച്ച് നൽകണമെന്നും പറഞ്ഞു. തെലങ്കാനയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന കൊവിഡ് 19 കേസുകളിൽ 85 ശതമാനവും നിസാമുദീൻ സമ്മേളനവുമായി ബന്ധപ്പെട്ടതാണെന്ന് അദ്ദേഹം അറിയിച്ചു. സംസ്ഥാനത്ത് ഇതുവരെ 417 കൊവിഡ് 19 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.