ഹൈദരാബാദ്: ഓൺലൈൻ ഭക്ഷ്യ വിതരണ കമ്പനികളായ സ്വിഗ്ഗി, സൊമാറ്റോ എന്നിവയുടെ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കണമെന്ന് സംസ്ഥാന സർക്കാരിന്‍റെ ഉത്തരവ്. ഇന്ന് മുതൽ സ്വിഗ്ഗി, സൊമാറ്റോ വഴിയുള്ള ഭക്ഷണ വിതരണം നിർത്തലാക്കുകയാണെന്ന് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാനത്തെ ലോക്ക് ഡൗൺ മെയ് ഏഴ് വരെ നീട്ടുമെന്ന് അറിയിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രി ഓൺലൈൻ ഭക്ഷണ വിൽപനക്കും വിലക്ക് ഏർപ്പെടുത്തിയത്. ഡൽഹിയിൽ പിസ്സ വിതരണം ചെയ്‌ത ആൾക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ഇയാൾ വഴി 69 പേർക്ക് വൈറസ് ബാധയുണ്ടാകുകയും ചെയ്‌ത സംഭവം കണക്കിലെടുത്താണ് തെലങ്കാന സർക്കാരിന്‍റെ പുതിയ തീരുമാനം.
നിലവിലെ ലോക്ക് ഡൗൺ കാലയളവിൽ പുറത്തുനിന്ന് ഭക്ഷണം വാങ്ങുന്നതിനുപകരം ആളുകൾ വീട്ടിൽ തന്നെ നല്ല ഭക്ഷണം പാകം ചെയ്‌ത് കഴിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സ്വിഗ്ഗി, സൊമാറ്റോ എന്നിവയുടെ നികുതിയിലൂടെ സർക്കാരിന് വരുമാനം ലഭിക്കുമെങ്കിലും അതിനേക്കാൾ പൊതുജനാരോഗ്യമാണ് പ്രധാനമെന്നും ചന്ദ്രശേഖർ റാവു കൂട്ടിച്ചേർത്തു. കേന്ദ്ര നിർദേശമനുസരിച്ച് ഓൺലൈൻ ഭക്ഷ്യ വിൽപന ഇതുവരെ ആവശ്യവസ്‌തുക്കളുടെ ലിസ്റ്റിലായിരുന്നു ഉൾപ്പെടുത്തിയിരുന്നത്.