ഹൈദരാബാദ്: മൃഗഡോക്‌ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സംഭവം ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ തെലങ്കാന ഹൈക്കോടതി വിധി ഇന്ന്. ഡിസംബര്‍ ആറാം തിയതിയാണ് വെടിവെപ്പ് നടന്നത്. തെളിവെടുപ്പിനിടെ പ്രതികള്‍ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് വെടിയുതിര്‍ത്തതെന്നാണ് പൊലീസ് പറയുന്നത്. വ്യാജ ഏറ്റുമുട്ടലാണ് നടന്നതെന്നും സംഭവത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികളിലാണ് ഇന്ന് വിധി പറയുന്നത്. ഹര്‍ജികള്‍ തീര്‍പ്പാക്കുന്നത് വരെ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കരുതെന്ന് കോടതി ഉത്തരവിട്ടിരുന്നു. പ്രതികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കരുതെന്ന കോടതി ഉത്തരവിന്‍റെ കാലാവധി ഇന്ന് രാത്രി എട്ട് മണിക്ക് അവസാനിക്കും.
പ്രതികളുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ക്യാമറയില്‍ ചിത്രീകരിക്കണമെന്നും ദൃശ്യങ്ങള്‍ പ്രിന്‍സിപ്പല്‍ ജില്ലാ മജിസ്‌ട്രേറ്റിന് കൈമാറണമെന്നും കോടതി ഉത്തരവിട്ടിരുന്നു. ഹോസ്‌പിറ്റല്‍ സൂപ്രണ്ടന്‍റിന്‍റെ സാന്നിധ്യത്തില്‍ മഹബൂബ്‌നഗര്‍ സര്‍ക്കാര്‍ ആശുപത്രിയിലാണ് കൊല്ലപ്പെട്ടവരുടെ പോസ്റ്റ്‌മോര്‍ട്ടം നടന്നത്. ഹൈദരാബാദ് ഗാന്ധി ആശുപത്രിയിലെ വിദഗ്‌ധ ഡോക്‌ടര്‍മാരുടെ സംഘമാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. അതേസമയം പൊലീസ് വെടിവെപ്പ് അന്വേഷിക്കാന്‍ തെലങ്കാന സര്‍ക്കാര്‍ പ്രത്യേക സംഘത്തിന് രൂപം നല്‍കിയിട്ടുണ്ട്. റാച്ചക്കൊണ്ട പൊലീസ് കമ്മീഷണര്‍ മഹേഷ് എം. ഭാഗവത് നേതൃത്വം കൊടുക്കുന്ന സംഘത്തില്‍ എട്ട് പേരാണുള്ളത്.
മുഹമ്മദ് ആരിഫ്, നവീന്‍, ശിവ, ചെന്നകേശവലു എന്നിവരാണ് ഡിസംബര്‍ ആറിന് രാവിലെ പൊലീസിന്‍റെ വെടിയേറ്റ് മരിച്ചത്. നവംബര്‍ 27 ന് രാത്രിയാണ് നാല് പ്രതികളും ചേര്‍ന്ന് മൃഗ ഡോക്‌ടറെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ ശേഷം കൊല്ലപ്പെടുത്തിയത്. പിന്നീട് ഇവര്‍ മൃതദേഹം കത്തിക്കുകയും ചെയ്‌തു. പിറ്റേ ദിവസം രാവിലെ ശംഷാബാദില്‍ നിന്നാണ് യുവതിയുടെ കത്തിക്കരിഞ്ഞ മൃതദേഹം പൊലീസ് കണ്ടെടുക്കുന്നത്. അതേ സ്ഥലത്തു തന്നെയാണ് കേസിലെ നാല് പ്രതികളും പൊലീസിന്‍റെ വെടിയേറ്റ് മരിച്ചത്.