ഹൈദരാബാദ്: തെലങ്കാനയിലെ കൊവിഡ് മാനേജ്മെന്‍റുമായി ബന്ധപ്പെട്ട പൊതുതാൽപര്യ ഹർജിയിൽ വാദം കേൾക്കാൻ ജൂലൈ 28ന് ഹാജരാകാൻ ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർക്ക് തെലങ്കാന ഹൈക്കോടതി നിർദേശം നൽകി. തെലങ്കാന ഡെമോക്രാറ്റിക് ഫോറത്തിന്‍റെ പൊതുതാൽപര്യ ഹർജി (പിഎൽ) പരിഗണിച്ചാണ് സമൻസ്. ചീഫ് സെക്രട്ടറിയ്ക്ക് പുറമേ ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി, പൊതുജനാരോഗ്യ-കുടുംബക്ഷേമ ഡയറക്ടർ, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ, ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ കമ്മീഷണർ എന്നിവരും കോടതിയിൽ ഹാജരാകണമെന്ന് അറിയിച്ചിട്ടുണ്ട്.
നിസാമാബാദ്, നൽഗൊണ്ട, വാറങ്കൽ എന്നിവിടങ്ങളിൽ കൃത്യമായ കൊവിഡ് ചികിത്സ ലഭിക്കാതിരുന്നതിനാൽ സംസ്ഥാനത്ത് നിരവധി പേർ മരിച്ചിരുന്നു. ഹൈദരാബാദിലെ ഒസ്മാനിയ ജനറൽ ആശുപത്രിയുടെ പ്രശ്നവും ഹർജിയിൽ ഉന്നയിച്ചിട്ടുണ്ട്. ആശുപത്രിയ്ക്ക് നൽകിയ 2,00,000 കിറ്റുകൾ ഉപയോഗിച്ച് സംസ്ഥാനത്ത് ദ്രുത ആന്‍റിജൻ പരിശോധന നടത്താനും ഹർജിക്കാർ ആവശ്യപ്പെട്ടിരുന്നു.
ഇതേതുടർന്ന് ആശുപത്രികളില്‍ ഓക്സിജൻ സിലിണ്ടറുകളുടെ ലഭ്യത ഉറപ്പുവരുത്തണമെന്നും റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി സർക്കാരിനോട് നിർദേശിച്ചു. ആവശ്യമുള്ളിടത്ത് ആളുകൾക്ക് ദ്രുത ആന്‍റിജൻ പരിശോധന നടത്തണം. കൊവിഡ് -19 മാനേജ്മെന്‍റുമായി ബന്ധപ്പെട്ട മുൻ ഉത്തരവുകൾ പാലിക്കാത്തതിൽ സംസ്ഥാനത്തെ ഉന്നത അധികാരികളെ സസ്പെൻഡ് ചെയ്യാത്തതെന്താണെന്നും കോടതി ചോദിച്ചു.
തെലങ്കാനയിൽ തിങ്കളാഴ്ച 1,198 പുതിയ കോവിഡ് -19 പോസിറ്റീവ് കേസുകളും ഏഴ് മരണങ്ങളും രേഖപ്പെടുത്തി. 11,530 സജീവ കേസുകളും 422 മരണങ്ങളും ഉൾപ്പെടെ മൊത്തം കേസുകളുടെ എണ്ണം 46,274 ആയി ഉയർന്നതായി സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു.