ഹൈദരാബാദ്: തെലങ്കാനയിലെ സ്വകാര്യ ആശുപത്രികളിലെയും ലാബുകളിലെയും കൊവിഡ് പരിശോധനാ നിരക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ലാബുകളിലെ കൊവിഡ് പരിശോധനാ നിരക്ക് 2200 രൂപയാണ്. ഐസൊലേഷൻ ചാര്‍ജ് ഒരു ദിവസത്തേക്ക് 4000 രൂപയും ഐസിയു ചാര്‍ജ് ഒരു ദിവസത്തേക്ക് 7500 രൂപയുമാണ്. വെന്‍റിലേറ്ററോട് കൂടിയ ഐസിയു ചാര്‍ജ് ഒരു ദിവസത്തേക്ക് 9000 രൂപയുമാണ്. ആന്‍റിബയോട്ടിക്കുകള്‍ക്ക് അധിക നിരക്കും ഈടാക്കുമെന്നും ആരോഗ്യമന്ത്രി എട്ടേല രാജേന്ദര്‍ പ്രഖ്യാപിച്ചു. കൊവിഡ് വ്യാപനം തടയാന്‍ പ്രവര്‍ത്തിക്കുന്ന എല്ലാവരെയും പരിശോധനാവിധേയമാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. തെലങ്കാനയില്‍ സമൂഹവ്യാപനമില്ലെന്ന് ഐസിഎംആര്‍ വ്യക്തമാക്കിയതായി ആരോഗ്യമന്ത്രി അറിയിച്ചു.
30 മണ്ഡലങ്ങളിലും പരിശോധനകള്‍ നടത്തുന്നുണ്ടെന്നും ഹൈദരാബാദിലെ എല്ലാ വീടുകളിലും സര്‍വ്വെകള്‍ നടത്തുമെന്നും ഇതിനായി മുഖ്യമന്ത്രി അനുമതി നല്‍കിയെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കൊവിഡ് ചികില്‍സയിലൂടെ ആരെങ്കിലും അധികലാഭം ഉണ്ടാക്കാനായി തുനിഞ്ഞാല്‍ അവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ചീഫ് സെക്രട്ടറി സോമേഷ് കുമാര്‍ വ്യക്തമാക്കി. ആളുകള്‍ക്ക് സംശയനിവാരണത്തിനായി സ്വകാര്യ ആശുപത്രികളില്‍ പരിശോധനാ നടത്താമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആശുപത്രികളില്‍ മതിയായ കിടക്ക സൗകര്യമുണ്ടെന്നും ലക്ഷണങ്ങളില്ലാത്തവര്‍ക്ക് ചികില്‍സ ആവശ്യമില്ലെന്നും ആശുപത്രിയില്‍ കിടക്കേണ്ട ആവശ്യമില്ലെന്നും സ്പെഷ്യല്‍ ചീഫ് സെക്രട്ടറി ശാന്തി കുമാരി വ്യക്തമാക്കി.