പട്‌ന: ബിഹാറിൽ തെരഞ്ഞെടുപ്പ് പോരാട്ടം മുറുകുന്നതിനിടെ ബിജെപിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി സ്ഥാനാർഥി തേജസ്വി പ്രസാദ് യാദവ്. ഒറ്റയ്ക്കായ തനിക്കെതിരെ ബിജെപി പൂർണ ശക്തി പ്രയോഗിക്കുന്നുവെന്നും, അവർ തന്നെ അനുഭവപരിചയമില്ലാത്തവർ എന്ന് വിളിക്കുന്നുവെന്നും യാദവ് മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ഒരു എംഎൽഎയും പ്രതിപക്ഷ നേതാവും ഡെപ്യൂട്ടി മുഖ്യമന്ത്രി സ്ഥാനം വഹിച്ചയാളുമായ തന്‍റെ അഞ്ചു വർഷത്തെ അനുഭവം 50 വർഷത്തെ അനുഭവത്തിന് തുല്യമാണെന്നും യാദവ് പറഞ്ഞു.
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ചൊവ്വാഴ്ച ബിഹാറിൽ വരുന്നത് തനിക്ക് വെല്ലുവിളിയാകില്ലെന്നും അവർ വളരെ നിരാശരാണെന്നും വീണ്ടും സർക്കാർ രൂപീകരിക്കാനാകില്ലെന്ന് അവർക്ക് മനസിലായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോകത്തിലെ ഏറ്റവും വലിയ പാർട്ടിക്ക് മുഖ്യമന്ത്രി സ്ഥാനാർഥിയില്ലെന്നും ജനങ്ങൾക്ക് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നും യാദവ് ബിജെപിയെ പരിഹസിച്ചു. ഒക്ടോബർ 28, നവംബർ 3, നവംബർ 7 എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായാണ് ബിഹാർ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഫലം നവംബർ 10ന് പ്രഖ്യാപിക്കും.