പാറ്റ്ന: ബിഹാറില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് ദിനത്തില്‍ മധുബാനിയില്‍ നടന്ന പൊതുയോഗത്തിനിടെ മുഖ്യമന്ത്രി നിതീഷ് കുമാറിന് നേരെയുണ്ടായ ഉള്ളിയേറിനെ ആര്‍ജെഡി മുഖ്യമന്ത്രി സ്ഥാനാർഥി തേജസ്വി യാദവ് അപലപിച്ചു. തെരഞ്ഞെടുപ്പ് പോലുള്ള ജനാധിപത്യ സംവിധാനത്തില്‍ വിവിധ തരത്തിലുള്ള പ്രതിഷേധങ്ങളുണ്ട്. ഇപ്പോള്‍ ഉണ്ടായിരിക്കുന്നത് സംഭവിക്കാൻ പാടില്ലാത്ത കാര്യമായിരുന്നുവെന്നും തേജസ്വി പറഞ്ഞു.
ചൊവ്വാഴ്ചയാണ് മധുബാനിയിലെ ഹാർലഖിയിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ നിതീഷ് കുമാറിന് നേരെ ഉള്ളി എറിഞ്ഞത്. സംസ്ഥാനത്ത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രസംഗിക്കുന്നതിനിടെയാണ് രോഷാകുലനായെത്തിയ രോഷാകുലനായെത്തിയ വ്യക്തി നിതീഷ് കുമാറിന് നേരെ ഉള്ളിയെറിഞ്ഞ് പ്രതിഷേധിച്ചത്. സംഭവം നടന്നയുടനെ സുരക്ഷപ്രവര്‍ത്തകര്‍ നിതീഷിന് ചുറ്റും വലയമുണ്ടാക്കി. അക്രമിയെ സംഭവസ്ഥലത്ത് വച്ച് തന്നെ പൊലീസ് പിടിച്ചെങ്കിലും അറസ്റ്റ് ചെയ്യേണ്ടെന്ന് പറഞ്ഞ നിതീഷ് പ്രസംഗം തുടരുകയും ചെയ്തു. രണ്ടാം ഘട്ട വോട്ടെടുപ്പില്‍ ബിഹാറിൽ 53.51 ശതമാനം പോളിങ് രേഖപ്പെടുത്തി. മൂന്നാം ഘട്ട വോട്ടെടുപ്പ് നവംബർ 7 ന് നടക്കും. ഫലം നവംബർ 10നാണ് പ്രഖ്യാപിക്കുക.