അമരാവതി: ആന്ധ്രാ പ്രദേശ് നിയമസഭാ സമ്മേളനം ഇന്ന് ആരംഭിക്കാനിരിക്കെ തെലുങ്കുദേശം പാർട്ടി(ടിഡിപി) അധ്യക്ഷന്‍ എന്‍.ചന്ദ്രബാബു നായിഡുവിന്‍റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. ചലോ അസംബ്ലി മാര്‍ച്ചുമായി ബന്ധപ്പെട്ടായിരുന്നു യോഗം. ടിഡിപിയുടെ 23 എംഎല്‍എമാരില്‍ നാല് എംഎല്‍എമാര്‍ യോഗത്തില്‍ പങ്കെടുത്തില്ല.
മുഖ്യമന്ത്രി വൈ.എസ്.ജഗന്‍ മോഹന്‍ റെഡ്ഡി മുന്നോട്ടുവെച്ച ആന്ധ്രാ പ്രദേശിന് മൂന്ന് തലസ്ഥാനമെന്ന നിര്‍ദേശവുമായി ബന്ധപ്പെട്ടാണ് പ്രത്യേക നിയമസഭാ സമ്മേളനം ചേരുന്നത്. എന്നാല്‍ പുതിയ തീരുമാനത്തിനെതിരെ നിരവധി പ്രതിഷേധങ്ങളായിരുന്നു ടിഡിപിയുടെ നേതൃത്വത്തിലും മറ്റും ഉയര്‍ന്നുവന്നത്. എക്‌സിക്യൂട്ടീവ് തലസ്ഥാനമായി വിശാഖപട്ടണത്തെയും ജുഡീഷ്യൽ തലസ്ഥാനമായി കുർണൂലിനെയും നിയമസഭാ തലസ്ഥാനമായി അമരാവതിയെയും പ്രഖ്യാപിക്കാനാണ് സര്‍ക്കാര്‍ നീക്കം. മൂന്ന് തലസ്ഥാനം എന്ന തീരുമാനത്തെ കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ രൂപീകരിച്ച ജി.എന്‍ റാവു കമ്മിറ്റി സര്‍ക്കാര്‍ അനുകൂല റിപ്പോര്‍ട്ടായിരുന്നു സമര്‍പ്പിച്ചത്.