പനാജി: തെഹൽക്ക മാഗസിൻ മുഖ്യപത്രാധിപൻ തരുൺ തേജ്പാലിനെതിരായ ലൈംഗികാതിക്രമ കേസിൽ വിചാരണ കോടതി ഇന്ന് വാദം കേൾക്കും. ത്രിദിന വിചാരണയിൽ സഹപ്രവർത്തകയായ ഇരയെ തേജ്പാലിന്‍റെ അഭിഭാഷകൻ വിസ്താരം നടത്തും. 2013 നവംബറിലാണ് മുതിർന്ന മാധ്യമപ്രവർത്തകനായ തേജ്പാലിനെതിരെ സഹപ്രവർത്തകയെ ചൂഷണം ചെയ്തെന്ന ആരോപണം ഉയരുന്നത്. നിലവിൽ ജാമ്യത്തിലിരിക്കുന്ന തേജ്പാൽ 2013 നവംബർ 30 നാണ് അറസ്റ്റിലായത്.
2017 സെപ്റ്റംബറിൽ കേസിൽ വാദം പുരോഗമിക്കെ ബലാത്സംഗം, ലൈംഗിക പീഡനം തുടങ്ങി ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം കോടതി കുറ്റം ചുമത്തിയിരുന്നു. എങ്കിലും താൻ കുറ്റക്കാരനല്ലെന്നാണ് തേജ്പാൽ കോടതിയിൽ ആവർത്തിക്കുന്നത്.