ചെന്നൈ: 24 മണിക്കൂറിനിടെ തമിഴ്‌നാട് പുതുച്ചേരി എന്നിവിടങ്ങളില്‍ ചുഴലിക്കാറ്റിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് മേഖലയില്‍ ദേശീയ ദുരന്ത നിവാരണ സേനയെ വിന്യസിച്ചു. കടലൂര്‍, ചിദംബരം എന്നിവിടങ്ങളിലാണ് ആറ് എൻഡിആര്‍എഫ് സംഘങ്ങളെ വിന്യസിച്ചത്.
നിലവിൽ പുതുചേരിക്ക് 700 കിലോമീറ്ററും ചെന്നൈക്ക് 740 കിലോമീറ്റർ അകലെയുള്ള തീവ്ര ന്യൂനമർദം ബുധനാഴ്‌ച്ചയോടെ ചുഴലിക്കാറ്റായി കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. തമിഴ്‌നാട്-പുതുച്ചേരി തീരങ്ങളിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
കാരയ്‌ക്കല്‍ മാമല്ലപുരം തീരങ്ങളിലേക്കായിരിക്കും ആദ്യം ചുഴലിക്കാറ്റെത്തുക. അതേസമയം കഴിഞ്ഞ ദിവസം രൂപപ്പെട്ട ഗാറ്റി ചുഴലിക്കാറ്റ് ഗതിമാറി അറബിക്കടലിന്‍റെ പടിഞ്ഞാറൻ ഭാഗങ്ങളിലേക്ക് പോയതായും കാലാവസ്ഥ വകുപ്പ് അറിയിച്ചു.