ചെന്നൈ: സർക്കാർ അനുമതിയില്ലാതെ ബിജെപി സംസ്ഥാന പ്രസിഡന്‍റ് എൽ മുരുകൻ വീണ്ടും വെട്രി വേൽ യാത്ര നടത്തി. മറ്റ് പാർട്ടികൾക്ക് സംസ്ഥാന സർക്കാർ ഘോഷയാത്രകൾ നടത്താനും പ്രക്ഷോഭം നടത്താനും അനുവാദം നൽകുന്നുണ്ടെന്നും ഭരണഘടനാപരമായ അവകാശമാണ് വെട്രി വേൽ യാത്രയിലൂടെ നടത്തുന്നതെന്നും എൽ മുരുകൻ പറഞ്ഞു. വെട്രി വേൽ യാത്രയ്ക്കിടെ ചെന്നൈയിൽ അരമണിക്കൂറോളം പൂനാമല്ലി ഹൈറോഡിലെ ട്രാഫിക് ജാമിൽ ആംബുലൻസ് കുടുങ്ങിക്കിടന്നു.
കൂടുതൽ വായിക്കാൻ: സര്‍ക്കാര്‍ നിര്‍ദ്ദേശം ലംഘിച്ച് വെട്രിവേല്‍ യാത്ര ആരംഭിച്ചു; ആര്‍ക്കും തടയാനാവില്ലെന്ന് ബിജെപി
നവംബർ ആറിന് നടന്ന റാലിയിൽ നിന്ന് എൽ മുരുകനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. റാലിയിൽ പങ്കെടുക്കുന്നത് തടയാൻ ബിജെപി അനുയായികളെയും പൊലീസ് തടഞ്ഞിരുന്നു. കൊവിഡ് സാഹചര്യത്തെ തുടർന്ന് തമിഴ്‌നാട് സർക്കാർ അനുമതി നിഷേധിച്ചതിനെ തുടർന്ന് ഒരു മാസം നീണ്ടു നിൽക്കുന്ന 'വെട്രി വേൽ യാത്രയുമായി മുന്നോട്ട് പോകാൻ സംസ്ഥാന ബിജെപി നേതൃത്വം തീരുമാനിക്കുകയായിരുന്നു.
ഭഗവാൻ മുരുകൻ യാത്രക്കായി അനുമതി നൽകിയെന്നും ആരാധനക്കായി ഓരോ വ്യക്തിക്കും അവകാശമുണ്ടെന്നും ബിജെപി നേതൃത്വം വ്യക്തമാക്കി. പഴനി, സ്വാമി മല, പഴമുതിർചോലൈ തുടങ്ങി ആറ് പ്രധാന മുരുക ക്ഷേത്രങ്ങളിലൂടെ സഞ്ചരിക്കുന്ന വെട്രിവേൽ യാത്ര രഥയാത്ര മാതൃകയിലാണ് ആവിഷ്‌കരിച്ചിരിക്കുന്നത്.