ചെന്നൈ: മധുരയിലെ പാലമെഡുവിൽ നടന്ന ജല്ലിക്കെട്ട് മത്സരത്തിൽ എഴുന്നൂറോളം കാളകൾ പങ്കെടുത്തു. കൊയ്ത്തുത്സവമായ പൊങ്കലിന്‍റെ ഭാഗമായി തമിഴ്‌നാട്ടിലെ ഗ്രാമപ്രദേശങ്ങളിലാണ് ജല്ലിക്കെട്ട് സംഘടിപ്പിക്കുന്നത്. 21 വയസിന് താഴെയുള്ളവരെ പാലമേഡിലും അലങ്കനല്ലൂരിലും നടക്കുന്ന ജല്ലിക്കെട്ടിൽ പങ്കെടുക്കാൻ അനുവദിക്കില്ലെന്ന് മധുര ജില്ലാ കലക്‌ടർ വ്യക്തമാക്കിയിരുന്നു. ജനുവരി 31 വരെ നടക്കുന്ന ജല്ലിക്കെട്ടിൽ രണ്ടായിരത്തിലധികം കാളകൾ പങ്കെടുക്കും.
അവാനിയപുരത്ത് 730 കാളകളും അലങ്കനല്ലൂരിലെ 700 കാളകളും ഈ വർഷം നടക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കുന്നു. അനിമൽ വെൽഫെയർ ബോർഡും പീപ്പിൾ ഫോർ ദി എത്തിക്കൽ ട്രീറ്റ്‌മെന്‍റ് ഓഫ് അനിമൽസും (പെറ്റ) ഹർജി സമർപ്പിച്ചതിനെത്തുടർന്ന് 2014 ൽ സുപ്രീം കോടതി 'ജല്ലിക്കെട്ട്' നിരോധിച്ചിരുന്നു. ജല്ലിക്കെട്ട് തമിഴ്‌നാട് സംസ്‌കാരത്തിന്‍റെ നിർണായക ഭാഗമാണെന്ന് സംസ്ഥാന സർക്കാർ വാദിച്ചു. എന്നാൽ ചെന്നൈയിലുണ്ടായ വൻ പ്രതിഷേധത്തെത്തുടർന്ന് നിയമ ഭേദഗതി വരുത്തി 2017 ജനുവരിയിൽ നിരോധനം പിൻവലിച്ചു.