ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് മുക്തി നേടിയവരുടെ എണ്ണത്തിൽ വർധനവ്. ഇന്ത്യയിലാദ്യമായാണ് രോഗമുക്തി നേടിയവരുടെ എണ്ണം ചികിത്സയിലുള്ളവരേക്കാൾ കൂടുന്നത്. 1,33,632 പേർ ചികിത്സയിൽ തുടരുമ്പോൾ 1,35,205 പേരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്. ആരോഗ്യ മന്ത്രാലയം ഇന്ന് പുറത്തുവിട്ട കണക്കുകൾ പ്രകാരം ഏകദേശം 49 ശതമാനം പേർ രോഗമുക്തി നേടിക്കഴിഞ്ഞു.
279 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്‌തതോടെ ആകെ മരണസംഖ്യ 7,745 ആയി ഉയർന്നു. 2,76,583 കേസുകളാണ് രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്‌തത്. മഹാരാഷ്‌ട്രയിൽ 90,787 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ മുംബൈയിലെ 51,000 ലധികം പേർ ഉൾപ്പെടുന്നു. ഡൽഹിയിൽ നിന്ന് 31,309, തമിഴ്‌നാട്ടിൽ നിന്ന് 34,914, ഗുജറാത്തിൽ നിന്ന് 21,014 കേസുകളും റിപ്പോർട്ട് ചെയ്‌തു. ഇന്ത്യയിലെ ആദ്യത്തെ കൊവിഡ് കേസ് റിപ്പോർട്ട് ചെയ്‌തത് ജനുവരി അവസാനത്തോടെയാണ്.
ആഗോളതലത്തിൽ കൊവിഡ് ബാധിതർ 73 ലക്ഷം കടന്നു. 4,12,997 മരണങ്ങളാണ് ഇതുവരെ റിപ്പോർട്ട് ചെയ്‌തത്. അമേരിക്കയിൽ നിന്ന് 19,79,411 കൊവിഡ് കേസുകളും, 1,11,989 മരണങ്ങളും റിപ്പോർട്ട് ചെയ്‌തു. ബ്രസീലിൽ നിന്ന് 7,39,503 കേസുകൾ, റഷ്യയിൽ നിന്ന് 4,84,630 കേസുകൾ, യുകെയിൽ നിന്ന് 2,90,581 കേസുകളും റിപ്പോർട്ട് ചെയ്‌തു കഴിഞ്ഞു. യുകെയിൽ നിന്ന് 40,968 മരണങ്ങൾ റിപ്പോർട്ട് ചെയ്‌തു. യൂറോപ്പിൽ നിന്നും റിപ്പോർട്ട് ചെയ്‌ത ഏറ്റവും കൂടിയ മരണസംഖ്യയാണിത്. ബ്രസീൽ (38,406), ഇറ്റലി (34,043), ഫ്രാൻസ് (29,299), സ്പെയിൻ (27,136), മെക്‌സിക്കോ (14,649) എന്നിങ്ങനെയാണ് കൊവിഡ് മരണങ്ങളുടെ കണക്ക്.