മുംബൈ: ചൈനയുമായുള്ള ഇന്ത്യയുടെ സൈനിക, നയതന്ത്ര തലത്തിലുള്ള ചർച്ചകൾ ക്രിയാത്മകമാണെന്നും അത് തുടരുമെന്നും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ബിജെപിയുടെ മഹാരാഷ്ട്ര ജാൻ സംവാദ് റാലിയിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്തോ- ചൈന അതിർത്തിയിലെ സ്ഥിതിഗതികളെ സംബന്ധിച്ചിടത്തോളം ഇന്ത്യയുടെ അഭിമാനത്തെ ബാധിക്കില്ലെന്ന് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ ഉറപ്പുവരുത്തും. ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി തർക്കം വളരെക്കാലമായി തുടരുകയാണ്. എത്രയും വേഗം അത് പരിഹരിക്കാൻ തങ്ങൾ ആഗ്രഹിക്കുന്നതായും സിംഗ് പറഞ്ഞു. ചൈനയുമായുള്ള ചർച്ച സൈനിക, നയതന്ത്ര തലത്തിലാണ്. ജൂൺ ആറിന് നടന്ന ചർച്ചകൾ വളരെ ക്രിയാത്മകമായിരുന്നു. തുടരുന്ന സംഘർഷം പരിഹരിക്കുന്നതിനായി ചർച്ച തുടരാൻ ഇരു രാജ്യങ്ങളും സമ്മതിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്‍റെ നേതൃത്വം ശക്തമായ കൈകളിലാണെന്നും ഇന്ത്യയുടെ അഭിമാനത്തിലും ആത്മാഭിമാനത്തിലും തങ്ങൾ വിട്ടുവീഴ്ച ചെയ്യില്ലെന്നും സിംഗ് പറഞ്ഞു. ഇന്ത്യ-ചൈന അതിർത്തിയിൽ എന്താണ് സംഭവിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ചില പ്രതിപക്ഷ നേതാക്കളും സർക്കാരിനോട് വിശദീകരണം തേടിയിട്ടുണ്ട്. രാജ്യത്തെ പ്രതിരോധമന്ത്രിയെന്ന നിലയിൽ താൻ എന്ത് പറഞ്ഞാലും അത് പാർലമെന്‍റിൽ നിൽക്കുമെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കില്ലെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.