ന്യൂഡൽഹി: ചൈനയുമായി സൈനിക, നയതന്ത്ര തലങ്ങളിൽ ഉഭയകക്ഷി ചർച്ചകൾ നടക്കുന്നുണ്ടെന്നും ഒരു സാഹചര്യത്തിലും ഇന്ത്യൻ ദേശീയതയ്ക്ക് ക്ഷതമേൽക്കാൻ സർക്കാർ അനുവദിക്കില്ലെന്നും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. നയതന്ത്ര, സൈനിക തലങ്ങളിലെ ചർച്ചകളിലൂടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് ഇന്ത്യയ്ക്കും ചൈനയ്ക്കും സംവിധാനങ്ങളുണ്ടെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി മാർക്ക് ടി എസ്‌പറിനെ അറിയിച്ചതായും രാജ്‌നാഥ് സിംഗ് അറിയിച്ചു. ഇന്ത്യ-ചൈന അതിർത്തി പ്രശ്നങ്ങൾ പരിഹരിക്കാൻ മധ്യസ്ഥത വഹിക്കാമെന്ന് യുഎസ് പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ് അറിയിച്ചിരുന്നു. ട്രംപിന്‍റെ മധ്യസ്ഥ ശ്രമം വിദേശകാര്യ മന്ത്രാലയം പരോക്ഷമായി നിരസിച്ചെങ്കിലും വിഷയത്തിൽ വ്യക്തത ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് പ്രതിരോധ മന്ത്രി നിലപാട് വ്യക്തമാക്കിയത്.
കിഴക്കൻ ലഡാക്കിലെ അതിർത്തി പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് പ്രതിരോധമന്ത്രി പറഞ്ഞു. അതിർത്തി പ്രശ്‌നം നയതന്ത്ര സംഭാഷണത്തിലൂടെ പരിഹരിക്കണമെന്ന് ചൈനയും വ്യക്തമാക്കിയതായി സിംഗ് കൂട്ടിചേർത്തു. കിഴക്കൻ ലഡാക്കിലെ പാങ്കോംഗ് ത്സോ, ഗാൽവാൻ വാലി, ഡെംചോക്ക്, ദൗലത് ബേഗ് ഓൾഡി എന്നിവിടങ്ങളിൽ ഇന്ത്യയിലെയും ചൈനയിലെയും സൈനികർ മൂന്നാഴ്ചയിലേറെയായി ഏറ്റുമുട്ടല്‍ തുടരുകയാണ്. പാംഗോംഗ് ത്സോ തടാകത്തിന് ചുറ്റുമുള്ള പ്രദേശത്ത് ഇന്ത്യ റോഡ് നിര്‍മിക്കുന്നതിന് എതിരെയുള്ള ചൈനയുടെ കടുത്ത എതിർപ്പാണ് സംഘര്‍ഷാവസ്ഥക്ക് കാരണം.