ന്യൂഡല്‍ഹി: ലോക്ക്‌ഡൗൺ ലംഘിച്ചവര്‍ക്കെതിരെ കർശന നടപടിയെടുക്കാൻ കേന്ദ്രസർക്കാർ എല്ലാ സംസ്ഥാന സർക്കാരുകളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും ആവശ്യപ്പെട്ടു. എല്ലാ ചീഫ് സെക്രട്ടറിമാർക്കും ഡിജിപിമാര്‍ക്കും ഇത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാർ ഭല്ല കത്തയച്ചു.
കൊവിഡ് 19 നെതിരെ പോരാടുന്നതിന് 2005 ലെ ദുരന്തനിവാരണ നിയമപ്രകാരം തങ്ങളുടെ അധികാരങ്ങൾ വിനിയോഗിച്ചുകൊണ്ട് എല്ലാ അര്‍ഥത്തിലും ലോക്ക്‌ഡൗൺ നടപടികൾ കർശനമായി നടപ്പാക്കണമെന്ന് അഭ്യർത്ഥിച്ച് എംഎച്ച്‌എ എല്ലാ സംസ്ഥാനങ്ങൾക്കും നേരത്തെ കത്തെഴുതിയിരുന്നു.
വ്യാജ വാർത്തകൾക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. വസ്തുതകളും സ്ഥിരീകരിക്കാത്ത വാർത്തകള്‍ ഉടനടി പരിശോധിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ഒരു വെബ് പോര്‍ട്ടല്‍ ഉണ്ടാക്കുമെന്നും എംഎച്ച്എ വ്യക്തമാക്കി. കുടിയേറ്റ തൊഴിലാളികൾക്ക് ദുരിതാശ്വാസ കേന്ദ്രങ്ങളിൽ ഭക്ഷണം, മരുന്നുകൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
ലോക്ക്‌ഡൗൺ നടപടികൾ ലംഘിച്ചതിന് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആയിരക്കണക്കിന് ആളുകളെ അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു. ജമ്മുകശ്മീരിൽ 700 പേരെ അറസ്റ്റുചെയ്തു. 120 പേർ ഹരിയാനയിൽ അറസ്റ്റിലായി. 40 പേർ നാഗാലാൻഡില്‍ അറസ്റ്റിലായി. ലോക്ക്‌ഡൗൺ ലംഘിച്ചതിന് 150 പേരെ മഹാരാഷ്ട്രയിൽ അറസ്റ്റ് ചെയ്തു.
ലോക്ക്‌ഡൗൺ ലംഘിച്ചതിന് 6,594 പേർക്കെതിരെ ഉത്തർപ്രദേശ് സർക്കാർ കേസെടുത്തു. അതേസമയം പ്രധാൻ മന്ത്രി ഗാരിബ് കല്യാൺ യോജനയുടെ ഗുണഭോക്താക്കൾക്ക് ബാങ്കുകൾ വഴി പണം സുഗമമായി വിതരണം ചെയ്യുന്നത് ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്ന് ആഭ്യന്തര സെക്രട്ടറി ഭല്ല ആവശ്യപ്പെട്ടു.