കടത്തിലായ ജെറ്റ് എയര്‍വേഴ്സിനെ സഹായിക്കാനായി ബാങ്കുകള്‍ 1500 കോടി രൂപ നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചതിന് പിന്നാലെ കേന്ദ്രസർക്കാരിനെ വിമര്‍ശിച്ച് വിവാദ വ്യവസായി വിജയ് മല്യ. കിങ്ഫിഷറിനായി താന്‍ പണം നിക്ഷേപിച്ചിട്ടും തന്‍റെ പ്രയത്നം സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിച്ചതായി അദ്ദേഹം ട്വീറ്റ് ചെയ്തു.
‘കമ്പനിയേയും ജീവനക്കാരേയും രക്ഷിക്കാനായി 4000 കോടിയിലധികം ഞാന്‍ നിക്ഷേപിച്ചു. അത് കണക്കിലെടുക്കാതെ എനിക്കെതിരെയാണ് നീങ്ങിയത്. ആ പൊതുബാങ്കുകളാണ് ഇന്ന് ജെറ്റ് എയർവേയ്സ് വിമാനക്കമ്പനിക്ക് സഹായം ചെയ്യുന്നത്. എന്‍ഡിഎ സര്‍ക്കാരിന്‍റെ കീഴിലുളള ഇരട്ടത്താപ്പ് നയമാണിത്,’ മല്യ പറഞ്ഞു.
‘പണം നല്‍കാമെന്ന് പറഞ്ഞിട്ടും എന്താണ് എന്‍റെ പണം സ്വീകരിക്കാത്തത്. ആ പണം ബാങ്കുകള്‍ സ്വീകരിക്കുകയാണെങ്കില്‍ അത് കൊണ്ട് ജെറ്റ് എയര്‍വെയ്സിനെ എങ്കിലും രക്ഷിക്കാം,’ മല്യ വ്യക്തമാക്കി.