മധുരം ഇഷ്‌ടമില്ലാത്തവർ കുറവാണ്. ലോക്ക് ഡൗൺ സമയമായതുകൊണ്ട് വീട്ടിലിരിക്കുമ്പോൾ മധുരത്തോടുള്ള പ്രിയം കൂടാനും സാധ്യത ഏറെയാണ്. എന്നാൽ ഈ പ്രിയം ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാൻ അധികസമയം വേണ്ട. ഇത് തടയാൻ കൺസൾട്ടന്‍റ് ന്യൂട്രീഷ്യനിസ്റ്റും ഡയബറ്റിസ് എഡ്യൂക്കേറ്ററുമായ ദിവ്യ ഗുപ്‌ത ചില നിർദേശങ്ങൾ പങ്ക് വെക്കുന്നു.
ധാരാളം വെള്ളം കുടിക്കുക
മധുരത്തോടുള്ള ആസക്തി കുറക്കാനുള്ള ഏറ്റവും നല്ല ഉപായം ധാരാളം വെള്ളം കുടിക്കുക എന്നതാണ്. മധുരം കലർന്ന വെള്ളത്തിന് പകരം തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുക. അനാവശ്യമായി പാക്കറ്റ് ഭക്ഷണ പദാർഥങ്ങൾ കഴിക്കാതിരിക്കുക.
പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കഴിക്കുക
പുഴുങ്ങിയ മുട്ട, പനീർ, ടോഫു, ബീൻസ്, കൊഴുപ്പ് രഹിത തൈര്, ചിക്കൻ ബ്രെസ്റ്റ് മുതലായവ കൂടുതലായും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
ആപ്പിൾ സിഡെർ വിനിഗർ (എസിവി) കുടിക്കുക
ആപ്പിൾ സിഡെർ വിനിഗർ കുടിക്കുന്നതിലൂടെ ശരീരത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നു. ഒരു കുപ്പി വെള്ളത്തിൽ ഒന്നോ രണ്ടോ സ്‌പൂൺ എസിവി ചേർത്ത് ദിവസവും കുടിക്കുന്നത് ശീലമാക്കുക.
പഴവർഗങ്ങൾ ധാരാളം കഴിക്കുക
പഴങ്ങളിൽ ധാരാളം വിറ്റാമിനുകളും, ധാതുക്കളും, കൊഴുപ്പും അടങ്ങിയിട്ടുണ്ട്. വേനൽക്കാലമായതിനാൽ ലഭ്യമായ പഴങ്ങൾ കഴിക്കുക. പ്രോട്ടീൻ അടങ്ങിയ ഭക്ഷണത്തിനൊപ്പം മധുരം കൂടിയ മറ്റ് ഭക്ഷണം കഴിക്കുന്നതും ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും.
നാരുകളടങ്ങിയ ഭക്ഷണം ശീലമാക്കുക
നാരുകളടങ്ങിയ ഭക്ഷണം കഴിക്കുന്നതും മധുരത്തോടുള്ള ആസക്തി കുറക്കാൻ സഹായിക്കുന്നു. ഉദാഹരണത്തിന് പഴങ്ങൾ, പച്ചക്കറികൾ, ഓട്ട്‌സ് എന്നിവ.